തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞതായും, എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി മെച്ചപ്പെട്ടതായും രക്തസമ്മര്‍ദം സാധാരണനിലയിലായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കൂടി ചാക്കിൽ കയറ്റുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റത്. വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂർഖൻ പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കല്ലുകൾക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് വാവ സുരേഷിന്റെ കാലിൽ കടിയേൽക്കുകയായിരുന്നു. വലുതുകാലിലാണ് പാമ്പ് കടിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. കേരളം ഒന്നടങ്കം വാവ സുരേഷിനായുള്ള പ്രാർത്ഥനയിലാണ്.
Discussion about this post