തിരുവനന്തപുരം: വീട്ടില്‍ പ്രസവിച്ച യുവതിയ്ക്കും നവജാത ശിശുവിനും കരുതലൊരുക്കി മാതൃകയായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തിരുവനന്തപുരം വഴയില കൈരളി നഗറില്‍ ജിയ (21) ആണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജിയ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടനെ ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.
കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട് താലൂക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് ലിപു എഫ്, എമര്‍ജന്‍സി മെഡികല്‍ ടെക്‌നിഷ്യന്‍ പ്രശാന്ത് എസ് എന്നിവര്‍ സ്ഥലത്തെത്തി.
പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍ പ്രശാന്ത് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ തന്നെ പൈലറ്റ് ലിപു അമ്മയെയും കുഞ്ഞിനേയും എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.