കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകൾ മുംബൈയിലേക്ക് മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം എന്ന് കോടതി നിരീക്ഷിച്ചു.
കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വയ്ക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫോണുകൾ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
അതേസമയം, ഫോണുകൾ കൈമാറുന്നതിനെ ദിലീപ് എതിർത്തു. ഫോണുകൾ കേരളത്തിലെ ലാബിൽ പരിശോധിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിൽ കൈമാറിയിരുന്നു.
മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചെയാണ് കൊച്ചിയിലെത്തിച്ചത്. ഇവയടക്കം 6 ഫോണുകളാണ് കൈമാറിയത്. ഇന്നു രാവിലെ 10.15നു മുൻപു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണു കേസ്.
ഇതിലെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടിഎൻ സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
Discussion about this post