ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ ദുരൂഹ മരണം: പുനരന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം

കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.

എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന
തൃശൂര്‍ സ്വദേശി സലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

2020 ഓഗസ്റ്റ് 30 നായിരുന്നു സലീഷിന്റെ മരണം. സലീഷ് ഓടിച്ചിരുന്ന കാര്‍ അങ്കമാലി ടെല്‍ക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സലീഷിന്റെ മരണത്തില്‍ കഴിഞ്ഞദിവസം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദുരൂഹത ആരോപിച്ചിരുന്നു.

സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സലീഷിന്റെ സഹോദരന്‍ പരാതിയില്‍ പറയുന്നു.

സലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. എന്നാല്‍ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് സലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. അതേസമയം വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണ്‍ ഹൈക്കോടതിക്ക് കൈമാറി. കേസിലെ മറ്റ് പ്രതികളുടേതുള്‍പ്പെടെ ആറ് ഫോണുകളാണ് കോടതിക്ക് കൈമാറിയത്.

മുംബൈയില്‍ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി എത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന് നാലു ഫോണുകള്‍ ഉണ്ടെന്നും ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു.

Exit mobile version