മധുവിന് നീതി: കേസ് നടത്തുന്നത് സര്‍ക്കാര്‍ തന്നെ; കുടുംബത്തിന് വേണ്ട നിയമസഹായം മമ്മൂട്ടി ഉറപ്പാക്കും

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ തന്നെയാണ് കേസ് നടത്തുന്നതെന്ന് വ്യക്തമാക്കി നടന്‍ മമ്മൂട്ടിയുടെ ഓഫീസ്. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുമെന്ന് നിയമമന്ത്രി പി രാജീവ് മമ്മൂട്ടിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പിആര്‍ഒ അറിയിച്ചു.

കുടുംബത്തിന് ആവശ്യമായ നിയമോപദേശ സഹായമോ, അവര്‍ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുകയെന്നും നടന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്നത് അറിഞ്ഞയുടന്‍ തന്നെ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോബര്‍ട്ട് പറഞ്ഞു. ഒരു കാലതാമസവും വരാതെ നമ്മളാല്‍ കഴിയുന്ന സഹായം അവര്‍ക്ക് എത്തിച്ചുകൊടുക്കണമെന്നായിരുന്നു അദ്ദേഹം എനിക്ക് തന്ന കര്‍ശന നിര്‍ദേശം. സംസ്ഥാന നിയമമന്ത്രി പി രാജീവിനെയും അദ്ദേഹം അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭനായ സര്‍ക്കാര്‍ വക്കീലിനെ തന്നെ ഈ കേസില്‍ ഏര്‍പ്പാടാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു. വിഷയത്തില്‍ സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി ഇടപെടുമെന്ന ഉറപ്പും മന്ത്രി നല്‍കിയെന്നും റോബര്‍ട്ട് അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ച വിവരം മധുവിന്റെ സഹോദരീ ഭര്‍ത്താവ് മുരുകനെ അറിയിച്ചപ്പോള്‍, സര്‍ക്കാര്‍ വക്കീലിന്റെ സേവനം പൂര്‍ണമായി ഉപയോഗപ്പെടുത്താനുള്ള തീരുമാനം അവര്‍ ഞങ്ങളെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന്, നിയമസഹായം ഭാവിയില്‍ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നതിനനുസരിച്ച് ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

കുടുംബത്തിന് ആവശ്യമായ നിയമോപദേശം ലഭ്യമാക്കാന്‍ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനും അല്ലെങ്കില്‍ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും അവര്‍ ആവശ്യപ്പെടുന്ന നിയമോപദേശം നല്‍കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

കേസില്‍ തുടക്കം മുതല്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി രണ്ടുമാസം മുമ്പ് വി.ടി രഘുനാഥ് കത്ത് നല്‍കിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷനാണ് നിയമവകുപ്പ് സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കോടതിയില്‍ വിചാരണ നീണ്ടുപോകുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന്‍ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.

അതേസമയം, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു.

Exit mobile version