കൊച്ചി: ലോകായുക്ത പരമ പവിത്രമായ സ്ഥാപനമാണെന്ന അഭിപ്രായം തനിക്കില്ലെന്ന പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ലോകായുക്തയ്ക്കെതിരെ കെടി ജലീൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയശങ്കർ. അതേസമയം ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് താൻ കരുതുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.
ജയശങ്കറിന്റെ വാക്കുകൾ: ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നും അതിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്ന് അഭിപ്രായം എനിക്കില്ല. അദ്ദേഹം പല പരിമിതികളും ബലഹീനതകളും ഉള്ള വ്യക്തിയാണ്. സ്വഭാവികമായിട്ടും അദ്ദേഹം സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമൊക്കെ ഇരുന്നപ്പോൾ പുറത്തുവന്ന പല വിധികളും സംശയാസ്പദമാണ്.
ഐസ്‌ക്രീം പാർലർ കേസിൽ ഇന്ത്യാവിഷൻ ചാനലിലൂടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഫയൽ ചെയ്യപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചത് സിറിയക് ജോസഫ് ഉൾപ്പെടുന്ന ബെഞ്ചാണ്.
കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തയാക്കിയതും സിറിയക് ജോസഫും സുഭാഷൻ റെഡ്ഡിയും ഉൾപ്പെടുന്ന ബെഞ്ചാണ്. ഇത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു.
അതിന്റെ തൊട്ടുമുൻപാണ് സിറിയക് ജോസഫിന്റെ സഹോദരൻ ജെയിംസ് ജോസഫിന്റെ സഹധർമ്മിണി ജാൻസി ജെയിംസിനെ മഹാത്മാ ഗാന്ധി യുണീവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിക്കുന്നത്. എന്നാൽ ഇത് തമ്മിൽ കൂട്ടികലർത്തേണ്ട ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. അക്കാദമിക് തലത്തിൽ മികച്ചു നിൽക്കുന്നവരാണ് ജാൻസി. അതൊരു ദുരാരോപണം മാത്രമാണ് എന്നും ജയശങ്കർ പറഞ്ഞു.
Discussion about this post