പാലക്കാട്: പരീക്ഷാ ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പാലക്കാട് ഉമ്മിനിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സുബ്രഹ്മണ്യന്- ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന് ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാന്‍ തയ്യാറായില്ലെന്നാണ് ബിജു പറയുന്നത്.
ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞുപോയതിനാല്‍ സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു. തിങ്കളാഴ്ച കോളേജ് പ്രിന്‍സിപ്പലിനെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ മരണം.
കുളിക്കാനായി മുറിയില്‍ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങി കണ്ടില്ല. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ റൂമിനുളളിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പരീക്ഷയെഴുതാന്‍ സാധിക്കാതെ വരുമോയെന്ന വിഷമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആരോപിച്ചു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Discussion about this post