കോഴിക്കോട്: തനിയ്ക്ക് ധാരാളം ഭീഷണികള്‍ ഉണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയിലാണെന്നും സംവിധായകന് അലി അക്ബര്‍ (രാമസിംഹന്). അടുത്തിടെയാണ് അലി അക്ബര്‍ ഹിന്ദുത്വം സ്വീകരിച്ച് രാമസിംഹന് എന്ന പേര് സ്വീകരിച്ചത്.
മുസല്‍മാനായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭീഷണികള്‍ ധാരാളം ഉണ്ട്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു അവസ്ഥയില്‍ തന്നെയാണ് വളരെക്കാലമായി ഞാന്‍ ഉള്ളത്.
മുസല്‍മാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം. ഈ രാമസിംഹന് മരിച്ചാല്‍ രാമനാമം ഉറക്കെ ചൊല്ലി എന്നെ സംസ്കരിക്കണം. അപ്പോഴേ ഒരായിരം രാമസിംഹന്മാര്‍ ഇനിയും വരികയുള്ളൂ. ഒരുപാട് കാലം അടിമയായി നിന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് എതിര്‍ത്തു നിന്ന് ധീരമായി ഭാരത സംസ്കാരത്തിനുവേണ്ടി മരണം വരിക്കുന്നതാണ്’ – രാമസിംഹന് കൂട്ടിച്ചേര്‍ത്തു.
വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നു വരുന്ന മുസ്ലിം ചെറുപ്പക്കാരെ കണ്ട് ചില ഹിന്ദു പെണ്‍കുട്ടികളെങ്കിലും വശീകരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും രാമസിംഹന് ആരോപിച്ചു. ‘ലൗ ജിഹാദിന് പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നു വരുന്ന മുസ്ലിം ചെറുപ്പക്കാരെ കണ്ട് ചില പെണ്‍കുട്ടികളെങ്കിലും ഭ്രമിച്ചു പോകുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്.
ഇത് മുതലെടുത്ത് പതുക്കെ അവരിലേക്ക് മതം ഇന്‍ജെക്ട് ചെയ്യുകയാണ്. നേരായ വഴിയിലൂടെ ഇത് നടക്കുന്നില്ലെങ്കില്‍ ലഹരിയിലൂടെ അതിന് ശ്രമിക്കും. ഭ്രമാത്മക ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണ നമ്മുടെ കുട്ടികള്‍ക്ക് നല്‍കണം. അതോടൊപ്പം ഒരു സമാജമെന്ന നിലയില്‍ സാമ്പത്തികമായി ഹിന്ദുക്കള്‍ മുന്നോട്ടു വരുകയും വേണം.’- അദ്ദേഹം ആവശ്യപ്പെട്ടു.
മതം മാറിയപ്പോള്‍ എന്തു കൊണ്ടാണ് രാമസിംഹന് എന്ന പേരു സ്വീകരിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയതിങ്ങനെ; ‘രാമസിംഹന് എന്ന പേര് ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ഇസ്ലാമിലെ തീവ്ര ചിന്താഗതിക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന പേരുകള്‍ ഉറക്കെ വിളിച്ചു പറയുക എന്നത് ചരിത്രപരമായ ഒരു ദൗത്യമാണ്. ഞാന്‍ രാമസിംഹന് എന്ന പേര് സ്വീകരിച്ചതോടെ ആരായിരുന്നു രാമസിംഹന് എന്ന അന്വേഷണം വ്യാപകമായി.
ഇതൊരു ചെറിയ കാര്യമല്ല. 1947-ല്‍ രാമസിംഹനെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. അവര്‍ക്ക് മുന്നില്‍ രാമസിംഹന് ഇല്ലാതായിട്ടില്ല എന്ന് വിളിച്ചു പറയാന്‍ എന്റെ ഈ തീരുമാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു രാമസിംഹനെ ഇല്ലാതാക്കിയാല്‍ ആയിരം രാമസിംഹന്മാര്‍ ഉണ്ടായി വരും എന്ന സത്യം വൈകിയാണെങ്കിലും അംഗീകരിക്കപ്പെടും.’
Discussion about this post