കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കേസിലും അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രധാന തെളിവായ മൊബൈൽ ഫോണിനായി പോലീസ് സംഘം. ഇതിന്റെ ഭാഗമായി ദിലീപിന്റെ മുൻ ഭാര്യ നടി മഞ്ജു വാര്യരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടിയതായാണ് സൂചന.
സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻ ഭാര്യയും അഭിഭാഷകരുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉള്ളതിനാൽ ഫോൺ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ മൊഴിയെടുത്തെന്നാണ് റിപ്പോർട്ട്.
എന്നാൽ അത്തരത്തിൽ ഒരുതരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങളും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നും മഞ്ജു വാര്യർ മറുപടി നൽകിയതായാണ് വിവരം.
അതേസമയം, ദിലീപിന്റെ ഫോണുകൾ മുംബൈയിൽ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനക്കായി മുംബൈയിലുള്ളത്. നാല് ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടില്ല. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുൻപ് ഹൈക്കോടതി രജിസ്റ്റാർക്ക് മുൻപിൽ കൈമാറണമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അനുസരിച്ചില്ലെങ്കിൽ ദിലീപിന് അറസ്റ്റിൽ നിന്നു നൽകിയ സംരക്ഷണം പിൻവലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.