തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സൂപ്പർതാരം മമ്മൂട്ടി രംഗത്ത്. ഇതോടെ വലിയ ആശ്വാസത്തിലാണ് മധുവിന്റെ കുടുംബവും. കേസിന്റെ നടപടികൾ ഇനിയും വിചാരണയ്ക്ക് പോലും എത്താത്ത സാഹചര്യത്തിൽ മധുവിന്റെ കുടുംബം വലിയ ആശങ്കയിലായിരുന്നു.
ഇതിനിടെയാണ് മമ്മൂട്ടിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. മധുവിനും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായവും നൽകാമെന്നതായിരുന്നു മമ്മൂട്ടിയുടെ വാഗ്ദാനം. അഭിഭാഷക സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസിൽനിന്ന് ഫോണിൽ അറിയിച്ചതായി മധുവിന്റെ സഹോദരി സരസുവാണ് അറിയിച്ചത്. ഇതോടെ കേസിൽ ശക്തമായിത്തന്നെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
മധുവിന്റെ കൊലപാതകവാർത്ത പുറത്തെത്തിയപ്പോൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പലരും പിന്മാറിയ ഘട്ടത്തിലും അന്ന് നൽകിയ വാക്ക് മാറ്റാതെ നിലകൊണ്ടാണ് മമ്മൂട്ടി ഈ വിഷയത്തിലും വ്യത്യസ്തനായിരിക്കുന്നത്. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താൻ വിളിക്കുന്നതെന്നായിരുന്നു മമ്മൂട്ടിയുടെ അന്നത്തെ വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്. കേസിന്റെ നടപടികൾ താരം ഏറ്റെടുത്തതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.