കോട്ടയം: വീട്ടിലേയ്ക്ക് പോകാനായി കൈ കാണിച്ചു നിർത്തിയ ജീപ്പിൽ കയറിയ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വാഹനത്തിന്റെ വേഗത കുറഞ്ഞസമയത്ത് അവസരോചിതമായി പെരുമാറിയ യുവാവ് ജീപ്പിൽ നിന്നും ചാടി രക്ഷപെട്ടു. സംഭവുമായി ബന്ധപ്പെട്ട് പാക്കിൽ വലിയവീട്ടിൽ മനു മാത്യുവിനെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന പോലീസിൽ ജിഡിപിയുടെ പേരിലുളള വാഹനമാണു തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്.
പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി പത്തിനു കോട്ടയം നഗരത്തിലാണു സംഭവം. കൊല്ലാട് കൊടുവത്ത് ബിജുവിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കോടിമതയിലെ ഹോട്ടലിൽ നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്തശേഷം ബിജു വീട്ടിലേക്കു മടങ്ങുന്നതിനായി റോഡരികിൽ നിൽക്കുന്നതിനിടെയാണ് മനുവും ഡ്രൈവറും ജീപ്പുമായി എത്തിയത്. കൈകാണിച്ച് ജീപ്പിൽ കയറിയ ബിജു ഐഡ ജംഗ്ഷനിൽഎത്തിയപ്പോൾ ഓട്ടോറിക്ഷ കിടക്കുന്നത് കണ്ട് ജീപ്പ് നിർത്താനാവശ്യപ്പെട്ടു. എന്നാൽ, ജീപ്പ് അമിതവേഗതയിൽ ഓടിച്ചുപോകുകയായിരുന്നു.
പിന്നീട് ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം വാഹനം നിറത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. പിന്നീട്, ശാസ്ത്രിറോഡിലേയ്ക്ക് പോയ ജീപ്പ് സെന്റ് ജോസഫ് പള്ളിക്കു സമീപമുളള റസ്റ്റോറന്റിന്റെ മുൻവശത്ത് എതിരേ വാഹനം വന്നതിനെത്തുടർന്നു വേഗത കുറച്ചു. ഈ സമയം ജീപ്പിൽ നിന്നും ചാടിയിറങ്ങിയ ബിജു റസ്റ്റോറന്റിലേയ്ക്ക് ഓടിക്കയറി. പിന്നാലെ ജീപ്പ് നിർത്തി ഇറങ്ങിവന്ന മനുവും ഡ്രൈവറും ബിജുവുമായി വാഗ്വാദത്തിലേർപ്പെട്ടു. ഇതിനിടെ റസ്റ്റോറന്റ് ഉടമകൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മനുവിനെയും ഡ്രൈവറെയും കസ്റ്റഡയിലെടുക്കുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ രജിസ്റ്റേർഡ് ഉടമസ്ഥന്റെ വിലാസം തേടിയപ്പോഴാണ് സംസ്ഥാന ഡിജിപിയുടെ പേരിലാണു വാഹനം ഉളളതെന്നു പോലീസ് മനസിലാക്കിയത്.
കെ.എൽ. 01 എഡി 4732 എന്ന നമ്പരിലുളള ജീപ്പ് പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും മനു ലേലം പിടിച്ചതാണ്. സാധാരണ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും വാഹനങ്ങൾ വിൽക്കുമ്പോൾ വാഹനം വാങ്ങിയ ആളിന്റെ പേരിലേയ്ക്ക് ഉടമസ്ഥാവകാശം നൽകിയശേഷം മാത്രമേ വാഹനം കൈമാറാവൂ എന്നാണു വ്യവസ്ഥ.
എന്നാൽ, പോലീന്റെ വാഹനം മനു വാങ്ങിയിട്ടും ഉടമസ്ഥാവകാശം മാറാൻ തയാറായില്ല. ഇതാണ് ഇപ്പോഴും ഡിജിപിയുടെ പേരിൽ ജിപ്പിന്റെ ഉടമസ്ഥാവകാശം തുടരുന്നത്. സംഭവം വിവാദമായതോടെ ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തിരക്കുകയാണ്.
Discussion about this post