എംബിഎ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല ജീവനക്കാരിയെ കൈയ്യോടെ പിടികൂടി വിജിലന്‍സ്

അതിരമ്പുഴ: എംബിഎ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കൈയ്യോടെ പിടിയില്‍. എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സി സജിയെയാണ് വിജിലന്‍സ് സംഘം ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പൊക്കിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംബിഎ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നു ഇവര്‍ 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്‍കി. ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ തുക നല്കിയത്. ബാക്കി തുകയായ 30000 രൂപ കൂടി നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു, എംബിഎ വിദ്യാര്‍ത്ഥിനി വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എംബിഎ വിദ്യാര്‍ത്ഥിയുടെ പക്കല്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ കറന്‍സി നോട്ട് നല്‍കി വിട്ടു. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വച്ച് എംബിഎ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും ഏറ്റുവാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം എല്‍സിയെ പിടികൂടിയത്.

വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടിയത്. വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍, ഇന്‍സ്പെക്ടര്‍മാരായ സാജു, ജയകുമാര്‍, നിസാം, എസ്.ഐ സ്റ്റാന്‍ലി, അനൂപ്, അരുണ്‍ ചന്ദ്, അനില്‍കുമാര്‍, പ്രസന്നന്‍ സുരേഷ്, വനിതാ സിവില്‍ പോലീസ് ഓഫിസര്‍ രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version