കൊച്ചി: ദിലീപിന്റെ ഫോണിനേക്കാള്‍ ഏറെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിന്റെ ഫോണിലാണെന്ന് വെളിപ്പെടുത്തി സംവിധായകന് ബാലചന്ദ്രകുമാര്‍.
ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് 2017ല്‍ ദിലീപ് ജയിലില്‍ കിടക്കുന്ന കാലഘട്ടത്തില്‍ ഉപയോഗിച്ച ഫോണ്‍ നിര്‍ബന്ധമായും ഹാജരാക്കണം. അതില്‍ നിരവധി തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ ഫോണിനേക്കാള്‍ ഏറെ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ അടങ്ങുന്ന ഫോണ്‍ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിന്റേതാണ്. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങള്‍ അതില്‍ ഉണ്ട്.
തന്റെ ആരോപണങ്ങളെക്കാള്‍ അതിസങ്കീര്‍ണ്ണമായ പല വിഷയങ്ങളും ഫോണില്‍ നിന്ന് പുറത്തുവരും. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. നാലിലധികം ഫോണുകള്‍ ഉപയോഗിക്കുന്ന ആളാണ് ദിലീപ്. പത്തോളം സിം കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള ആളാണ്.
കേസിനെ ഡൈവര്‍ട്ട് ചെയ്യാനായിട്ടുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്ന തരത്തില്‍ അദ്ദേഹം എനിക്കെതിരെ കോടതിയില്‍ അഫിഡവിറ്റ് നല്‍കിയത്. അതിന്റെ നിജസ്ഥിതി പുറത്ത് വരണമെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഫോണുകള്‍ പരിശോധിക്കണമെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15 ഓടെ ഹാജരാക്കാനാണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.
Discussion about this post