കൊല്ലം: ജോലിക്ക് പോകാൻ നിർബന്ധിച്ചുവെന്നതിന്റെ പേരിൽ ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ്. സംഭവത്തിൽ തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനത്തിൽ സുധീഷിനെ(27) പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്ക് പോകാൻ സ്ഥിരമായി ഭാര്യ ലക്ഷമി സുധീഷിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ തയ്യാറായില്ല. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജനുവരി 26-ന് വൈകീട്ട്, ജോലിക്കു പോകാതെ വീട്ടിൽ നിൽക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുനൽകണമെന്നും ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിനു കാരണം.
ഭാര്യയെ ആക്രമിച്ചതിനു പുറമെ, ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിയുകയും ചെയ്തു. കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സബ് ഇൻസ്പെക്ടർമാരായ സുജിത് ബി.നായർ, റെനോക്സ്, ജോയി, ഗിരീശൻ, സി.പി.ഒ. അനൂപ്, ജാസ്മിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post