ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ 2022 ലെ ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായി ക്ഷണിച്ച ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്വട്ടേഷനെതിരെ വ്യാപക വിമർശനം. ദേവസ്വം ബോർഡിനിന്റെ ക്വട്ടേഷനിൽ പറയുന്ന വ്യവസ്ഥയിൽ പരസ്യമായി ജാതിവിവേചനം നിലനിൽക്കുന്നു എന്നാണ് ആക്ഷേപം. പാചക പ്രവർത്തിക്ക് വരുന്ന പാചകക്കാരും, സഹായികളും ബ്രാഹ്‌മണരായിരിക്കണം എന്ന വ്യവസ്ഥയാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ജനുവരി 17 നാണ് ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയ്യതിയാണ് അവസാന തീയ്യതി.
പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവർത്തി, പച്ചക്കറി സാധനങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കൽ, കലവറയിൽ നിന്നും സാധനസാമിഗ്രികൾ അഊട്ടുപുരയിലേക്ക് എത്തിക്കൽ, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കൽ, രണ്ട് ഫോർക്ക് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തൽ ഉൾപ്പെടെ എല്ലാ പ്രവ്യത്തികൾ എന്നിവയ്ക്കാണ് ദേവസ്വം ക്വട്ടേഷൻ ക്ഷണിച്ചത്. ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളിൽ ഏഴാമതായാണ് ബ്രാഹ്‌മണർക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്.
ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ദളിത് പൂജാരിമാരെ ഉൾപ്പെടെ ക്ഷേത്രങ്ങളിലേക്ക് നിയോഗിക്കുകയും നവോത്ഥാന മുന്നേറ്റങ്ങൾ എന്ന പേരിൽ ഉയർത്തിക്കാട്ടുകയും ചെയ്യുമ്പോഴാണ് ഗുരുവായൂർ ദേവസ്വം പാചകത്തിന് പോലും ജാതി വ്യക്തമാക്കി ഗുരുവായൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.