പള്ളുരുത്തി: ഉദ്യോഗസ്ഥരുടെ കൈക്കൂലി ചോദിച്ചുള്ള ശല്യം സഹിക്കാനാവാതെ രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ച മിനി ജോസിക്ക് ഒടുവിൽ മന്ത്രിയുടെ ഇടപെടലിൽ അതിവേഗത്തിൽ ലൈസൻസ് ലഭിച്ചു. ധാന്യ മിൽ തുടങ്ങുന്നതിനുള്ള ലൈസൻസ് ആണ് മിനിക്ക് കിട്ടിയത്.
ലൈസൻസിനായി ഓഫീസ് കയറിയിറങ്ങിയ യുവസംരംഭകയായ കൊച്ചി പെരുമ്പടപ്പ് സ്വദേശിനി മിനിയോട് നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ച സംഭവം ഏറെ വിവാദമായിരുന്നു.
മിനി ജോസിയാണ് നഗരസഭയുടെ ഹെൽത്ത് ഓഫീസിലും റവന്യു വിഭാഗം ഓഫീസിലും കയറിയിറങ്ങി വലഞ്ഞത്. ഒടുവിൽ ഹെൽത്ത് വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയാണ് ആ ഓഫീസിലെ മറ്റുള്ളവർക്കു കൂടി വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. റവന്യു ഓഫീസിലെ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും ഇവർ പരാതിപ്പെട്ടു.
തുടർന്ന് കൈയിലുണ്ടായിരുന്ന രേഖകൾ കീറിയെറിഞ്ഞ് ഓഫീസിൽനിന്ന് ഇറങ്ങിപ്പോന്ന മിനി, തന്റെ അനുഭവം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് വ്യവസായ മന്ത്രി പി.രാജീവ് പ്രശ്‌നത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎ ശ്രീജിത്തും വാർഡ് കൗൺസിലർ സിഎൻ രഞ്ജിത്തും ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ഇവർക്ക് ലൈസൻസ് ലഭിക്കുന്നതിന് സംവിധാനമൊരുക്കുകയുമായിരുന്നു.
കീറിക്കളഞ്ഞ രേഖകൾ പരിഗണിക്കാതെ തന്നെ ഇവർക്ക് ഉദ്യോഗസ്ഥർ ലൈസൻസ് തയ്യാറാക്കി നൽകി. വ്യാഴാഴ്ച ലൈസൻസ് മിനി ജോസിക്ക് കൈമാറി. ലൈസൻസ് കിട്ടിയ ശേഷവും മന്ത്രി പി രാജീവ് വിളിച്ചതായി മിനി ജോസി പറഞ്ഞു. സംരംഭവുമായി ബന്ധപ്പെട്ട ആവശ്യമായ സഹായങ്ങൾ ഇനിയും നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കൂടാതെ, വിവാദ സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി കച്ചേരിപ്പടി ഹെൽത്ത് വിഭാഗം ഓഫീസിലെ ശുചീകരണ തൊഴിലാളിയെ നഗരസഭ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യു വിഭാഗം ക്ലാർക്കിനെ സെക്ഷൻ മാറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും നഗരസഭാധികൃതർ പറഞ്ഞു.
Discussion about this post