തിരുവനന്തപുരം: കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി ഉള്ളിലകപ്പെട്ട യുവതിയെ അഗ്‌നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. വിളപ്പിൽശാല കുണ്ടാമൂഴിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതി(25)യുടെ വളർത്തുനായയാണ് വീട്ടിലെ കിണറ്റിൽ വീണത്.
തുടർന്ന് യുവതി ഇതിനെ രക്ഷിക്കാൻ രണ്ട് സാരി കൂട്ടിക്കെട്ടി കിണറ്റിലിറങ്ങി. നായയെ രക്ഷിച്ചശേഷം പുറത്തേക്കു കയറാനുള്ള ശ്രമത്തിനിടയിൽ സാരിയിൽനിന്നുള്ള പിടിവിട്ട് യുവതി കിണറ്റിൽ വീണു. കാലിനും കൈക്കും പരിക്കേറ്റു. ഇതോടെ ഇവർക്ക് പുറത്തെത്താനായില്ല.
also read- മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം
കിണറ്റിലെ പമ്പുസെറ്റിന്റെ പൈപ്പിൽ പിടിച്ചുകിടന്ന ഇവരെ കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഫയർമാൻ മഹേന്ദ്രനാണ് കിണറ്റിലിറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്രാജ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.