തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്19 വ്യാപന പശ്ചാത്തലത്തിൽ സി ക്യാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിൽ ഏർപ്പെടുത്തിയ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാപല്യത്തിൽ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളിൽ പൊതു പരിപാടികൾക്ക് വിലക്കുണ്ട്. തീയറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 94 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന കണ്ടെത്തലിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകൾ അമ്പതിനായിരത്തിന് മുകളിൽ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം നിയന്ത്രണങ്ങൾക്കിടെ ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സർക്കാർ ഇന്ന് മറുപടി അറിയിച്ചേക്കും.നിലവിലെ സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹർജിപരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. തിയറ്റർ അടച്ചിടണമെന്ന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അഗീകരിച്ചിരുന്നില്ല.