കെഎസ്ഇബിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി വികെ പ്രശാന്ത് എംഎൽഎ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം താൻ നേരിട്ട അനുഭവം പങ്കുവെച്ചത്. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന് പ്രശാന്ത് പറഞ്ഞു.
തട്ടിപ്പിന് പിന്നിൽ വടക്കേ ഇന്ത്യൻ സംഘമാണ്. ഇവർക്കെതിരെ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് എനിക്ക് ലഭിച്ച മെസ്സേജാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത് . മെസ്സേജിൽ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് . കേരളത്തിൽ നിരവധി പേർക്കാണ് ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടുള്ളത് . മെസ്സേജിൽ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവർ, എനി ഡെസ്ക് തുടങ്ങിയ ആപ്ലികേഷനുകൾ ഡൌൺ ലോഡ് ചെയ്യാനാവശ്യപ്പെടും. തുടർന്ന് അതിലൂടെ പാസ്സ്‌വേർഡ് ചോർത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത് . ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത് . വടക്കേ ഇന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ . KSEB ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും പോലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് . ഇതു സംബന്ധിച്ച് പത്രവാർത്തകളും നൽകിയിട്ടുണ്ട് . BSNL ബില്ലുകളുമായി ബന്ധപ്പെട്ടും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി അറിയുന്നു . ഇത്തരം തട്ടിപ്പുകൾക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
Discussion about this post