കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ദത്ത് വിവാദം. സ്വന്തം കുഞ്ഞിനെ തേടി അനുപമ നടുത്തളത്തിലേയ്ക്ക് ഇറങ്ങിയതോടെയാണ് പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കമായത്. നീണ്ടനാളത്തെ പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചത്. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പൊന്നോമനയെ താലോലിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അനുപമ.
ചെമ്പഴന്തി എസ്എൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, അനുപമ എസ്എഫ്ഐയുടെ പേരൂർക്കട മേഖലാ ജോയിന്റ് സെക്രട്ടറിയായി. ആ സമയത്താണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ അജിത് കുമാറിനെ പരിചയപ്പെട്ടതും പ്രണയിച്ചതും. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയ്ക്കപ്പുറം വിവാഹിതനുമായുള്ള പ്രണയവും അതിന്റെ ധാർമികതയും ചർച്ച ചെയ്യാനായിരുന്നു എല്ലാവർക്കും താൽപര്യമെന്ന് അനുപമ പറയുന്നു.
അനുപമയുടെ വാക്കുകൾ;
”ഗർഭിണിയായിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ്. പക്ഷേ, അതെല്ലാം പരാജയപ്പെട്ടു. എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനു പുറത്ത് എത്തിയതിൽ പിന്നെ അവനെ എനിക്കു കിട്ടിയത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ്. അജിത് വിവാഹിതനായിരുന്നു. എന്നു കരുതി ആ ബന്ധത്തിൽ എനിക്കുണ്ടായ കുഞ്ഞിനുമേൽ അവകാശമില്ലെന്നു നിശ്ചയിക്കാൻ ആർക്കാണ് അധികാരം ?
ഗർഭിണിയാണെന്ന വിവരം എട്ടു മാസം വരെ വീട്ടുകാരിൽ നിന്ന് രഹസ്യമാക്കി വച്ചു. വിവരമറിഞ്ഞപ്പോൾ മർദനവും ഭീഷണിയും വരെ ഉണ്ടായി. അവസാന മാസമായപ്പോഴേക്കും എനിക്കു കോവിഡ് ബാധിച്ചു. ആരോഗ്യസ്ഥിതി വഷളായി. കുഞ്ഞിന് അപകടമെന്തെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് നിർബന്ധിച്ച് സിസേറിയൻ നടത്തിയത്.
ഡിസ്ചാർജ് ആകുന്നതുവരെ കുഞ്ഞിനെ പാലൂട്ടിയും ഉറക്കിയും ഞാൻ മാതൃത്വത്തിന്റെ സന്തോഷമറിഞ്ഞു. തിരികെ പോകുന്ന വഴിക്ക് വച്ച് അച്ഛന്റെ നേതൃത്വത്തിൽ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനുവേണ്ടി ഞാൻ കരഞ്ഞു ബഹളം വച്ചു. വിവാഹപ്രായമെത്തിയ ചേച്ചിയുടെ ഭാവിയെ കരുതി അൽപകാലം കുഞ്ഞിനെ മാറ്റിയതാണെന്നും, വിവാഹം കഴിഞ്ഞാലുടൻ അവനെ തിരികെ തരാമെന്നും പറഞ്ഞാണ് എന്നെയവർ സമാധാനിപ്പിക്കാൻ ശ്രമിച്ചത്.
പരിശ്രമങ്ങൾ വിഫലമായപ്പോൾ ഇക്കഴിഞ്ഞ ഏപ്രിലിൽ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകി. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയ്ക്കപ്പുറം വിവാഹിതനുമായുള്ള പ്രണയവും അതിന്റെ ധാർമികതയും ചർച്ച ചെയ്യാനായിരുന്നു എല്ലാവർക്കും താൽപര്യം.
സംശയത്തിന്റെ പേരിൽ ശിശുക്ഷേമ സമിതിയിലുള്ള മറ്റൊരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഞാൻ നടത്തുമ്പോൾ, അത് എന്റെ കുഞ്ഞല്ല എന്ന് അവിടെയുള്ളവർക്കെല്ലാം അറിയാമായിരുന്നു. ഒരമ്മയോട് ഇതിൽപരം എന്തു ക്രൂരത ചെയ്യാൻ ?. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയുണ്ട്. അ തിന്റെ തനിപകർപ്പാണു മോൻ. കുഞ്ഞിനെ തിരികെ കിട്ടി. പക്ഷേ, അവനെ എന്നിൽ നിന്ന് അകറ്റിയവർക്ക് എതിരേയുള്ള പോരാട്ടം തുടരും.
Discussion about this post