തിരൂരങ്ങാടി: വീൽചെയറിൽ വിധി തളർത്തിയിട്ടപ്പോഴും സാക്ഷരത പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കെവി റാബിയയെ തേടി പത്മശ്രീ പുരസ്കാരം. ഏതാനും വർഷങ്ങളായി രോഗബാധിതയായി വീട്ടിൽ കിടപ്പിലായ റാബിയയ്ക്ക് ഊർജ്ജം പകരുന്നതാണ് ഈ സിവിലിയൻ പുരസ്കാരം.
വീൽചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോൽപിച്ച റാബിയ സാക്ഷരത പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക-സേവനപ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു.
ശരീരം തളർന്നതോടെ വീട് വിട്ടിറങ്ങാൻ സാധിക്കാതെ ദുരിതത്തിലാണെങ്കിലും പത്മശ്രീ ലഭിച്ചത് വലിയ സന്തോഷവും അഭിമാനവും പകരുന്നെന്ന് റാബിയ പറഞ്ഞു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
1990കളിൽ സാക്ഷരത പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന റാബിയ ഗ്രാമത്തിലെ നൂറോളം നിരക്ഷരർക്ക് അക്ഷരവെളിച്ചമേകി. 14ാം വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന റാബിയയെ പിന്നീട് പോളിയോ ബാധിക്കുകയായിരുന്നു. എങ്കിലും മാനസികമായ കരുത്ത് തണലായി.
1994ൽ ‘ചലനം ചാരിറ്റബിൾ സൊസൈറ്റി’ എന്ന പേരിൽ വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനക്ക് രൂപം നൽകി. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് യുഎൻ മികച്ച സാക്ഷരത പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു.
also read-യോഗിക്ക് എതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണ്; ഡോ. കഫീല്‍ ഖാന്
1993ൽ ദേശീയ പുരസ്കാരം, സംസ്ഥാന സർക്കാറിന്റെ വനിതാരത്നം അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്കാരം, സീതി സാഹിബ് അവാർഡ്, യൂനിയൻ ചേംബർ ഇന്റർനാഷനൽ അവാർഡ്, നാഷനൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, ഐഎംഎ അവാർഡ്, കണ്ണകി സ്ത്രീശക്തി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി.
കുട്ടിക്കാലം തൊട്ട് കൂട്ടായ വായന ശീലത്തിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടെയും ബിയാച്ചുട്ടി ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: ബങ്കാളത്ത് മുഹമ്മദ്.
Discussion about this post