നാളെ രാവിലെയോടെ നിര്‍ണായക നീക്കം: ദിലീപിന്റെ അറസ്റ്റുണ്ടായേക്കും, വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ചോദ്യം ചെയ്തത്.

അതേസമയം, കേസില്‍ നാളെ നിര്‍ണായക നീക്കമുണ്ടായേക്കും. സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവും.

അത് അറസ്റ്റാവാം, അല്ലെങ്കില്‍ മറ്റെന്തങ്കിലും നിര്‍ണായക നീക്കമാവാം. നീക്കമുണ്ടാവുക കൊച്ചിയിലായിരിക്കാം. വളരെ നിര്‍ണായകമായ, ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ഞാനറിയുന്നത്. അതെന്തായാലും ഇന്നുണ്ടാവും. ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതേസമയം, പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്‍പ്പം മുന്‍പ് പൂര്‍ത്തിയായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എസ്പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിന്റെയും മറ്റുള്ളവരുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ ദിനം തന്നെ ദിലീപിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദിലീപുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ള വ്യാസനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു.

പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് വ്യാസന്‍ എടവനക്കാട് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസന്‍ പറഞ്ഞു.

കേസിലെ പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അനൂപും ബാലചന്ദ്രനും ഗ്രാന്റ് പിച്ചേഴ്‌സില്‍ വെച്ച് കണ്ടിരുന്നുവെന്നാണ് ദാസന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്.

എന്നാല്‍, ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്ന് ദിലീപിന്റെ മൊഴി. അതേസമയം ചോദ്യം ചെയ്താല്‍ പൂര്‍ത്തീകരിച്ച ശേഷം ആയിരിക്കും കസ്റ്റഡിയില്‍ വേണമെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്നും എസ്പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ദിലീപ് നായകനായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ തന്നെയാണ് തന്നെ അറിയിച്ചതെന്ന് റാഫി മൊഴി നല്‍കി.

സിനിമയില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയില്‍ നിന്നും ആദ്യം പിന്‍മാറിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തില്‍ റാഫിയുടെ മൊഴി നിര്‍ണായകമാവും.

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിറ്റല്‍ തെളിവില്‍ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത്.

വധഭീഷണി കേസിനു പിന്നാലെ ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് കണ്ടെത്തി. ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, പഴയ ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കി. ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.

Exit mobile version