ചിട്ടിയുടെ പേരില്‍ പിരിച്ചെടുത്ത അഞ്ച് കോടിയുമായി കുടുംബസമേതം മുങ്ങി: 14 വര്‍ഷത്തിന് ശേഷം എല്‍ഐസി ഏജന്റ് പിടിയില്‍

പാല: ചിട്ടി നിക്ഷേപം സ്വീകരിച്ചും സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യം നല്‍കിയും മറ്റും കബളിപ്പിച്ച് അഞ്ച് കോടി രൂപാ തട്ടിയെടുത്ത് കുടുംബസമേതം മുങ്ങിയ എല്‍ഐസി ഏജന്റ് 14 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് പിടിയില്‍. പെട്ടി മോഹനന്‍ എന്നറിയപ്പെടുന്ന കെ മോഹന്‍ദാസിനെ (58)യാണ് ഡല്‍ഹിയിലെ രോഹിണിയില്‍ നിന്ന് പാലാ എസ്എച്ച്ഒ കെപി തോംസണിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭക്തരുടെ വേഷത്തില്‍ ഡല്‍ഹി രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തില്‍ പാലായില്‍ പോലീസ് ഉദ്യോഗസ്ഥരെത്തിയത്. വഴിപാടിന് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് പാലാ പോലീസ് സ്റ്റേഷന്റെ പേരില്‍ വഴിപാട് എഴുതിച്ചു. വഴിപാട് എഴുതാനിരുന്നത് പിടികിട്ടാപ്പുള്ളി പെട്ടി മോഹനന്‍. പിന്നീട് അധികം സംസാരത്തിന് നില്‍ക്കാതെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. 2008ല്‍ പാലായിലെ എല്‍ഐ.സി ഏജന്റ് ആയിരുന്ന മോഹന്‍ദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ ചിട്ടി കമ്പനിയിലേയ്ക്ക് നിക്ഷേപിക്കുകയായിരുന്നു.

തന്റെ വീടും ആറേക്കര്‍ സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായി കരാറുണ്ടാക്കിയും വന്‍തുക അഡ്വാന്‍സായി വാങ്ങിയെടുത്തു. അമ്പതുലക്ഷം വരെ നഷ്ടമായ 15 പേരുടെ പരാതിയില്‍ അന്ന് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ചിട്ടി നിക്ഷേപത്തിന്റെ പേരില്‍ വീടുകളില്‍ പെട്ടി സ്ഥാപിച്ചതോടെയാണ് ഇയാള്‍ക്ക് ‘പെട്ടി മോഹനന്‍’ എന്ന പേര് വീണത്. പതിനഞ്ചോളം വഞ്ചനാ കേസുകളില്‍ പ്രതിയായി 2008ല്‍ പിടിയിലായ ഇയാള്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വാറണ്ട് കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇയാളെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

എല്‍ഐസി ഏജന്റായിരുന്ന മോഹന്‍ദാസ് പോളിസി ഉടമകള്‍ അടയ്ക്കാന്‍ ഏല്‍പ്പിച്ച തുക അടയ്ക്കാതെ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് വീടും സ്ഥലവും വില്പനക്കായി പരസ്യം നല്‍കി പലരുമായും കരാര്‍ ഉണ്ടാക്കി കോടികള്‍ അഡ്വാന്‍സായി വാങ്ങി. വഞ്ചിതരായവര്‍ പാലാ പോലീസില്‍ പരാതി നല്‍കിയതോടെയാണ് 2008ല്‍ ഇയാള്‍ ജയിലിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മോഹന്‍ദാസ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മുങ്ങി.

പ്രതിക്കായി പോലീസ് പല അന്വേഷകസംഘം രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ച പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നുമാസം മുമ്പ് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് പുതിയ അന്വേഷകസംഘം രൂപീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിപിഒ സി രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടില്‍ എത്തിച്ചത്.

Exit mobile version