കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പാലക്കാട് സ്വദേശിയായ രാഹുൽ കൃഷ്ണ എന്നയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 17-വയസ്സുള്ളപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി രാഹുൽ കൃഷ്ണയെ പരിചയപ്പെട്ടത്. തുടർന്ന് ഈ പരിചയം മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ രാഹുൽ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ഇയാൾ വീഡിയോ അയച്ച് നൽകുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്ന് മൂന്ന് വർഷം പിന്നിട്ടെങ്കിലും പെൺകുട്ടി ഇതിന്റെ മാനസിക ആഘാതത്തിൽ നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം മരണം സംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.
also read- നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വിസ്തരിക്കാൻ പത്ത് ദിവസം കൂടുതൽ നൽകി ഹൈക്കോടതി
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)