തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ തന്റെ ജയിൽ അനുഭവങ്ങൾ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്. 59 വയസ് തികഞ്ഞ വേളയിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞെന്നും എന്നും ഒപ്പം ഉണ്ടാകുന്നവരെ മനസിലാക്കാൻ സാധിച്ചെന്നും അദ്ദേഹം കുറിക്കുന്നു.
‘ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു.
സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത്,’ ശിവശങ്കർ കുറിച്ചു.
സ്വർണക്കള്ളക്കടത്ത് കേസിൽ സസ്പെൻഷനിലായ ശിവശങ്കർ സർവീസിലേക്ക് തിരിച്ചെത്തിയിരുന്നു. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ നൽകുകയായിരുന്നു. പിന്നാലെയാണ് സർവീസിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. സർവീസിൽ നിന്ന് പുറത്തായി ഒന്നരവർഷം പിന്നിട്ടതിന് ശേഷമായിരുന്നു എം. ശിവശങ്കറിന്റെ മടക്കം.
നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. 98 ദിവസം ജയിൽ വാസമാണ് അദ്ദഹം അനുഭവിച്ചത്.
Discussion about this post