കൊച്ചി: ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികൾക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ഇതിനെ പൊളിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളിലുള്ളത് പ്രതികൾ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംവിധായകരായ റാഫി, അരുൺഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. ഇരുവരും സുഹൃത്തുക്കളായ പ്രതികളുടെ ശബ്ദം തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകൾ തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് എത്തുന്നത്. തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങൾ ദിലീപുമായി ബന്ധമുള്ളവരെ കേൾപ്പിച്ചു. ശബ്ദസാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വംനൽകുന്ന ക്രൈംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രൻ പറഞ്ഞു.
കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാൻ സാധ്യതയുണ്ട്. അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമ്മാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻ മാനേജരടക്കം മൂന്ന് ജീവനക്കാർ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലായിരുന്നു ആദ്യ ദിനം നടന്നത്. പ്രതികൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതുക്കിയ ചോദ്യങ്ങൾ വെച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യൽ. പ്രതികളിൽ ചിലരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തിട്ടുണ്ട്.
ഗൂഢാലോചനക്കേസിനെ കൂടാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായി കണ്ടെത്തിയ തെളിവുകളും ക്രൈംബ്രാഞ്ച് പ്രതികൾക്ക് മുന്നിൽവെച്ചു.
also read-‘മാസങ്ങളായി ഫോണ്‍ വിളിച്ച് അസഭ്യം പറയുന്നു: പരാതി നല്‍കി പത്ത് മിനിറ്റിനുള്ളില്‍ കൈയ്യോടെ പൊക്കി പോലീസ്; നന്ദി പറഞ്ഞ് ടിനി ടോം
ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് ഇതിനായി പണം ചെലവഴിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ ദിലീപ് തനിക്ക് ഒന്നും അറിയില്ലെന്നും കള്ളക്കേസാണെന്നും ആവർത്തിക്കുകയായിരുന്നു.
Discussion about this post