മുംബൈ: മകള്‍ വാമികയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്കാ ശര്‍മ്മയും നേരത്തെ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാമികയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ ഇരുവരും മകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വീണ്ടും അഭ്യര്‍ഥിച്ചിരിക്കുകയാണ്.
‘ഞങ്ങളുടെ മകളുടെ ചിത്രങ്ങള്‍ സ്റ്റേഡിയത്തില്‍ വച്ച് പകര്‍ത്തുകയും അത് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തെന്ന് മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് നേരെയാണ് ക്യാമറ എന്ന് അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഇക്കാര്യത്തില്‍ നേരത്തേയുള്ള അതേ നിലപാട് തന്നെയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.’ ഇരുവരും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
Read Also:‘പര്‍ദ്ദ കണ്ട് ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ ഒരുവനും ഇല്ലേ കേരളത്തില്‍’: ഫാത്തിമ തഹ്ലിയ
ഞായറാഴ്ച കേപ്ടൗണില്‍ നടന്ന മത്സരം കാണാനാണ് അനുഷ്കയും വാമികയും എത്തിയത്. കോഹ്ലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ മത്സരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റര്‍ ക്യാമറ അനുഷ്കയ്ക്കും മകള്‍ക്കും നേരെ തിരിക്കുകയായിരുന്നു. ഇതോടെ ഹോസ്പിറ്റാലിറ്റി ബോക്സിന്റെ ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിയോടെ കോഹ്ലിയെ അഭിനന്ദിക്കുന്ന അനുഷ്കയും മകളും ക്യാമറയില്‍ പതിഞ്ഞു. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഇതോടെ കോഹ്ലിയുടെ ആരാധകരും ഇതിനെതിരേ രംഗത്തെത്തി. ആ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആരാധകര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. മകള്‍ സോഷ്യല്‍ മീഡിയ എന്താണെന്ന് മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതുവരേ ചിത്രങ്ങള്‍ പുറത്തുവിടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റ് പരമ്പരകള്‍ക്ക് പോകുമ്പോള്‍ മകളുടെ ചിത്രം പകര്‍ത്താതെ തങ്ങളുടെ നിലപാടിനെ മാനിക്കുന്നവര്‍ക്ക് ഇരുവരും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post