വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹന് സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അടുത്തിടെ ഹിന്ദു മതം സ്വീകരിച്ച് അലി അക്ബര്‍ തന്റെ പുതിയ പേരായ രാമസിംഹന് എന്നതാണ് രചന, സംവിധാനം എന്നിവയ്ക്കായി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം അലി അക്ബര്‍ എന്ന പേരില്‍ തന്നെയാണ്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് നിര്‍മിക്കുന്ന ചിത്രമാണ് ഇത്.
ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റി ഇറക്കുമെന്നും അലി അക്ബര്‍. ഓള് ഇന്ത്യാ റിലീസ് ആഗ്രഹിക്കുന്നതിനാല്‍ ഹിന്ദിയിലേക്ക് കൂടി മൊഴി മാറ്റുമെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കോവിഡിന്റെ ഭീഷണി മാറിയാല്‍ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരുമാറ്റിയാലും പിതാവിന്റെ പേര് മാറുന്നില്ലെന്നും അലി അക്ബര്‍ പറഞ്ഞു. മുഴുവന്‍ പേര് രാമസിംഹന് അബൂബക്കര്‍ ആണെന്നും അലി അക്ബര്‍ പറഞ്ഞു.
‘1921, പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സംവിധാനത്തിന് നേരെ ‘രാമസിംഹന്’ എന്നും നിര്‍മാതാവിന്റെ പേരില്‍ അലി അക്ബര്‍ എന്നും വെച്ചതിലും അലി അക്ബര്‍ വിശദീകരണം നല്കി.
”ഞാന്‍ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹന് അബൂബക്കര്‍ എന്നായിരിക്കും. ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞതായും ഇനി സ്വത്തിനോ മരണശേഷം ശരീരത്തിനോ ഒരു തര്‍ക്കവും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ രജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബര്‍ എന്ന പേരുതന്നെയാണെന്നും അതുകൊണ്ടാണ് നിര്‍മാതാവിന്റെ പേര് മാറ്റാന്‍ കഴിയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു. പേര് മാറ്റിയതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചതെന്നും ക്ഷേത്രങ്ങളില്‍ പോകേണ്ടതു കൊണ്ടാണ് ആചാരവിധിപ്രകാരം ഹിന്ദുമതം സ്വീകരിച്ചതെന്നും അലി അക്ബര്‍ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഹിന്ദു ധര്‍മ്മത്തിലേക്ക് മാറി. മക്കള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.
ആചാര്യന്മാര് എന്റെ വീട്ടില്‍ വന്നു ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധി ക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. ഇനി ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം’, അലി അക്ബര്‍ പറഞ്ഞു.
അലി അക്ബര്‍ നിര്‍മ്മിച്ച് രാമസിംഹന് സംവിധാനം ചെയ്ത ‘1921, പുഴ മുതല്‍ പുഴ വരെ’യുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നിരുന്നു. ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞതായും തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ആണ് പ്ലാനെന്നും അലി അക്ബര്‍ പറഞ്ഞു.
Discussion about this post