വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുസ്തകപ്രേമിയായ അന്തേവാസി സജീവൻ എഴുതിയ കത്ത് ഇത്രയേറെ തരംഗം സൃഷ്ടിക്കുമെന്ന് അദ്ദേഹം പോലും വിചാരിച്ചുകാണില്ല. മലയാള സാഹിത്യലോകത്തെയും കലാലോകത്തെയും മറ്റ് സഹൃദയരുമെല്ലാം കൈകോർത്ത് സജീവന്റെ സ്വപ്നം നിറവേറ്റിയിരിക്കുകയാണ്.
കുറച്ച് പുസ്തകങ്ങൾ നൽകാമോ എന്ന് ചോദിച്ചായിരുന്നു നാഷണൽ ബുക്ക് സ്റ്റാളിലേക്ക് സജീവന്റെ കത്ത് എത്തിയത്. സൗജന്യമായി ചോദിച്ചായിരുന്നില്ല ആ കത്ത്, ഡിസ്കൗണ്ട് ഉണ്ടോ എന്നുള്ള അന്വേഷണമായിരുന്നു. ഡിസ്കൗണ്ട് ഇല്ലെങ്കിലും പുസ്തകം വാങ്ങിക്കാൻ സജീവൻ ഒരുക്കവുമായിരുന്നു. എന്നാൽ ഈ ഒരു കത്ത് എല്ലാകാര്യങ്ങളും മാറ്റി മറിക്കുകയായിരുന്നു.
പുസ്തകപ്രേമം കൊണ്ട് വിയ്യൂർ ജയിലിലെ തടവുകാരനായ സജീവൻ പ്രസിദ്ധനാണ്. ഇദ്ദേഹത്തെ കുറിച്ച് മുമ്പ് മാധ്യമങ്ങളിലും വാർത്ത നിറഞ്ഞിരുന്നു. ജയിലിലെ തൊഴിലിൽ നിന്നും പ്രതിദിനം ലഭിക്കുന്ന 127 രൂപ വരുമാനത്തിൽ നിന്ന് മിച്ചം വെക്കുന്ന സംഖ്യ കൊണ്ടാണ് അദ്ദേഹം പുസ്തകങ്ങൾ വാങ്ങുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട്. അതിന്റെ ചുമതലക്കാരൻ കൂടിയായ സജീവൻ ലൈബ്രറിയിലെ പുസ്തകങ്ങളുടെ കുറവ് നികത്താനായി പണം നൽകി വാങ്ങിച്ച പുസ്തകങ്ങൾ വായിച്ച് കഴിച്ചാൽ ലൈബ്രറിയിലേക്ക് കൈമാറും.
ഇതിനിടെയാണ് പുസ്തകങ്ങളെല്ലാം വായിച്ച തീർന്നതോടെ സജീവൻ എൻബിഎസിലേക്ക് പുസ്തകം തേടി കത്തയച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട കവി രാവുണ്ണി മുൻകൈയ്യെടുത്ത് സ്വന്തം സുഹൃത്തുക്കളുടേയും ഉദാരമതികളുടെയും സഹായത്തോടെ പുസ്തക സമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി 66809 രൂപയുടെ പുസ്തകങ്ങൾ ഇതിനോടകം തന്നെ വിയ്യൂരിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ഇത് ആദ്യഘട്ട കൈമാറ്റം മാത്രമാണ് ഇനിയും പുസ്തകശേഖരണം തുടരുകയാണ്.
‘സാമ്പത്തികമായി മെച്ചപ്പെട്ട ആളുകൾ പോലും പണം ചെലവഴിച്ച് പുസ്തകം വാങ്ങാൻ വൈമുഖ്യം പുലർത്തുന്ന നാട്ടിലാണ് ഇങ്ങനൊരു കത്ത് കിട്ടുന്നത് എന്നത് ആശ്ചര്യം തന്നെ. ഇത് ഉണ്ടാക്കിയ ആവേശം ചെറുതല്ല. എസ്പിസിഎസ്സിന്റെ പ്രസിഡണ്ട് പി കെ ഹരികുമാർ ,സെക്രട്ടറി അജിത്ത് കെ.ശ്രീധർ എന്നിവരോട് ഈ കത്തിന്റെ കാര്യം ഞാൻ സംസാരിച്ചു. അങ്ങനെയാണ് സെൻട്രൽ ജയിലിലെ ലൈബ്രറിയിലേക്ക് കുറച്ചു പുസ്തകങ്ങൾ ശേഖരിച്ചു നൽകാൻ ശ്രമം തുടങ്ങിയത്.’-സജീവന്റെ കത്തിന് അതിന്റേതായ പ്രാധാന്യം നൽകി പുസ്കശേഖരണത്തിന് തുടക്കം കുറിച്ചതിനെ പറ്റി കവി രാവുണ്ണി പറയുന്നതിങ്ങനെ.
പതിനായിരം രൂപയുടെ പുസ്തകങ്ങളെങ്കിലും കൊടുക്കണം എന്ന് ആഗ്രഹിച്ചാണ് തുനിഞ്ഞിറങ്ങിയത്. സാറാ ജോസഫിനും സജീവന്റെ ഒരു കത്ത് ചെന്നിരുന്നു. ടീച്ചർ 50 പുസ്തകങ്ങൾ തന്നു. അതിൽ അഞ്ചെണ്ണം സാറ ടീച്ചർ ഒപ്പിട്ട് സജീവനു വേണ്ടി പ്രത്യേകം നൽകിയതാണ്. 7759 രൂപ വിലവരുന്ന പുസ്തകങ്ങളാണ് ടീച്ചർ തന്നതെന്നും കവി രാവുണ്ണി പറയുന്നു. ഒടുവിൽ നിരവധി പേരുടെ പ്രയത്നഫലമായ ജയിലിലെ ലൈബ്രറിയിലേക്ക് അരലക്ഷത്തിലേറെ വിലവരുന്ന ഇംഗ്ലീഷും ഹിന്ദിയും കന്നടവും തമിഴും ഭാഷയിലെ പുസ്തകങ്ങൾ ഉൾപ്പടെ സമാഹരിക്കാനായി.
കഴിഞ്ഞദിവസം ഇ ടി വർഗ്ഗീസ് (രംഗചേതന), നടൻ സുനിൽ സുഖദ, സംവിധായകൻ കെവി ഗണേശ്, പത്രപ്രവർത്തകൻ രാമവർമ്മൻ, സുമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ സെൻട്രൽ പ്രിസൺ സൂപ്രണ്ട് രാജൻ സാജന് കൈമാറി. അവിടത്തെ വെൽഫെയർ ഓഫീസർമാരായ ബിപിൻ, ബേസിൽ എന്നിവർക്കൊപ്പം പുസ്തകം ഏറ്റുവാങ്ങുന്നതിന് സാക്ഷിയാവാൻ അന്തേവാസി സജീവനും എത്തിയിരുന്നു. വായനയ്ക്കും അറിവിനും മുന്നിൽ പണവും പശ്ചാത്തലവും തോറ്റ് മടങ്ങുന്നതിന്റെ ഉദാഹരണം കൂടിയാവുകയാണ് ഈ പുസ്തക കൂട്ടായ്മ. ജയിൽ അന്തേവാസിയായ സജീവനിലെ വായനക്കാരന് ഏറ്റവും വലിയ അംഗീകാരം കൂടിയായി ഈ പുസ്തക കൈമാറ്റം.
പുസ്തകം ജയിലിലെത്തിച്ചതിനെ കുറിച്ച് കവി രാവുണ്ണിയുടെ കുറിപ്പ്:
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സജീവൻ NBS ലേക്ക് ഒരു കത്തയക്കുന്നതോടെയാണ് ഇക്കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത്.NBS ലെ ഏതാനും പുസ്തകങ്ങൾ വില കൊടുത്തു വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കത്ത്. പ്രതിദിനം ലഭിക്കുന്ന 127 രൂപ വരുമാനത്തിൽ നിന്ന് മിച്ചം വെക്കുന്ന സംഖ്യ കൊണ്ടാണ് അദ്ദേഹം പുസ്തകങ്ങൾ വാങ്ങുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട്. അതിന്റെ ചുമതലക്കാരനാണ് സജീവൻ. അദ്ദേഹത്തെക്കുറിച്ച് മാതൃഭൂമി ഞായറാഴ്ചപ്പതിപ്പിൽ ഈയിടെ ഒരു ലേഖനം വന്നിരുന്നു. സ്വന്തം പണം കൊണ്ട് വാങ്ങുന്ന പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ സജീവൻ ലൈബ്രറിക്ക് സമ്മാനിക്കും. ഡിസ്ക്കൗണ്ട് വല്ലതും കിട്ടാനിടയുണ്ടോ എന്ന് ആരാഞ്ഞു കൊണ്ടാണ് സജീവന്റെ കത്ത്. ഡിസ്ക്കൗണ്ട് ഇല്ലെങ്കിലും പുസ്തകങ്ങൾ വാങ്ങുമെന്ന് കത്തിലുണ്ട്.
സാമ്പത്തികമായി മെച്ചപ്പെട്ട ആളുകൾ പോലും പണം ചെലവഴിച്ച് പുസ്തകം വാങ്ങാൻ വൈമുഖ്യം പുലർത്തുന്ന നാട്ടിലാണ് ഇങ്ങനൊരു കത്ത് കിട്ടുന്നത് എന്നത് ആശ്ചര്യം തന്നെ. ഇത് ഉണ്ടാക്കിയ ആവേശം ചെറുതല്ല. എസ്പിസിഎസ്സിന്റെ പ്രസിഡണ്ട് പി കെ ഹരികുമാർ ,സെക്രട്ടറി അജിത്ത് കെ.ശ്രീധർ എന്നിവരോട് ഈ കത്തിന്റെ കാര്യം ഞാൻ സംസാരിച്ചു. അങ്ങനെയാണ് സെൻട്രൽ ജയിലിലെ ലൈബ്രറിയിലേക്ക് കുറച്ചു പുസ്തകങ്ങൾ ശേഖരിച്ചു നല്കാൻ ശ്രമം തുടങ്ങിയത്. എല്ലാ സുഹൃത്തുക്കൾക്കും ഞാൻ കത്തയച്ചു. പതിനായിരം രൂപയുടെ പുസ്തകങ്ങളെങ്കിലും കൊടുക്കണം എന്ന് ആഗ്രഹിച്ചാണ് തുനിഞ്ഞിറങ്ങിയത്.സാറാ ജോസഫിനും സജീവന്റെ ഒരു കത്ത് ചെന്നിരുന്നു. ടീച്ചർ 50 പുസ്തകങ്ങൾ തന്നു. അതിൽ അഞ്ചെണ്ണം സാറ ടീച്ചർ ഒപ്പിട്ട് സജീവനു വേണ്ടി പ്രത്യേകം നല്കിയതാണ്. 7759 രൂപ വിലവരുന്ന പുസ്തകങ്ങളാണ് ടീച്ചർ തന്നത്. നോവലിസ്റ്റ് കെ.ഉണ്ണികൃഷ്ണൻ ഹോൺബിൽ പബ്ലിക്കേഷൻ/ മൺസൂൺ എന്നിവയുടെ പേരിൽ 10373 രൂപ മുഖവില വരുന്ന 81 പുസ്തകങ്ങൾ തന്നു. രംഗചേതന 6600 രൂപ വിലവരുന്ന 62 പുസ്തകങ്ങൾ കൈമാറി .എന്റെ കയ്യിലുള്ളവയിൽ നിന്ന് 11228 രൂപയുടെ 116 പുസ്തകങ്ങളും ഇതിലേക്ക് ചേർത്തു. സജീവൻ ആവശ്യപ്പെട്ട 1155 രൂപയുടെ 5 പുസ്തകങ്ങൾ NBS ൽ നിന്നെടുത്തു. അങ്കണം – ഷംസുദ്ദിൻ സ്മൃതിയുടെ പേരിൽ സരസ്വതി ടീച്ചർ 7542 രൂപയുടെ 68 പുസ്തകങ്ങൾ തന്നു. ആർട്ടിസ്റ്റ് ജെ ആർ പ്രസാദ് 6010 രൂപയുടെ 40 പുസ്തകങ്ങൾ എത്തിച്ചു.
മണമ്പൂർ രാജൻ ബാബു 11 പുസ്തകങ്ങൾ (756 രൂപ),
കവി വിജയരാജമല്ലിക 15 (1980 രൂപ)
കവി സജന സന്തോഷ് 19 പുസ്തകങ്ങൾ (2105 രൂപ),
ബാംഗ്ളൂർ നിന്ന് പ്രിയ സുഹൃത്ത് എ കെ ജോസ് 6 (1090 രൂപ),
കലാകാരനായ മുഹമ്മദ് ഇസ്മയിൽ 11 (725 രൂപ),
കവി വർഗ്ഗീസാന്റണി 10 (933 രൂപ),
ഗംഗാദേവി 10 (656 രൂപ), കവി ദർശന 10 (1110 രൂപ),
കവി ഡോ.പി.സജീവ് കുമാർ 8 (975 രൂപ),
കഥാകൃത്ത് കെ.അരവിന്ദാക്ഷൻ 7 ( 1000 രൂപ)
നോവലിസ്റ്റ് സി.ആർ.രാജൻ 20 ( 1947 രൂപ) ,ശശികുമാർ മങ്ങാട്ട് 6 (920 രൂപ), ദിയ 1 (190) എന്നിങ്ങനെ ചേർത്തു വെച്ചപ്പോൾ 66809 രൂപ വിലവരുന്ന 568 പുസ്തകങ്ങളായി.മിക്കവാറും പുസ്തകങ്ങൾ മികച്ചവയാണ്. മനസ്സറിഞ്ഞ് തന്നതാണ് എല്ലാവരും. ബാംഗ്ളുരുവിലെ എ കെ ജോസിനെപ്പോലുള്ളവർ പണം കൊടുത്ത് പുതിയ പുസ്തകങ്ങൾ വാങ്ങിയാണ് നമുക്ക് തന്നത്. ഇംഗ്ലീഷും ഹിന്ദിയും കന്നടവും തമിഴും ഭാഷയിലെ പുസ്തകങ്ങൾ ഉണ്ട്.അത്തരം ഭാഷക്കാർ പലരും അവിടെ അന്തേവാസികളായി ഉണ്ടത്രെ.
ഇ.ടി.വർഗ്ഗീസ് ( രംഗചേതന ), നടൻ സുനിൽ സുഖദ, സംവിധായകൻ കെ.വി.ഗണേശ്, പത്രപ്രവർത്തകൻ രാമവർമ്മൻ, സുമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ സെൻട്രൽ പ്രിസൺ സൂപ്രണ്ട് രാജൻ സാജന് കൈമാറി. അവിടത്തെ വെൽഫെയർ ഓഫീസർമാരായ ബിപിൻ,ബേസിൽ ,അന്തേവാസി സജീവൻ എന്നിവരും സാക്ഷിയായി. വിയ്യൂർ ജില്ലാ ജയിലിലെ സുപ്രണ്ടും എന്റെ കുടുംബാംഗവുമായ അനിൽ വളരെ താല്പര്യത്തോടെ തുടക്കം മുതൽ മാർഗദർശനം തന്നിരുന്നു.
ഇതുകൊണ്ടായില്ല. സച്ചിദാനന്ദൻ മാഷ് തരാമെന്ന് ഏറ്റിട്ടുണ്ട്. ബുക്കർ മീഡിയ ഉൾപ്പെടെയുള്ളവരുടെ പുസ്തകങ്ങളും തരാമെന്നു പറഞ്ഞിട്ടുണ്ട്. പല സ്നേഹിതരെയും ഇനിയും ബന്ധപ്പെടാനുണ്ട്. പുസ്തകങ്ങൾ എപ്പോഴാണ് എത്തിക്കേണ്ടതെന്ന് ചോദിച്ച് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ദാ ഇപ്പോൾ, വിളിച്ചതേയുള്ളു.
അതിനാൽ പുസ്തക ശേഖരണം തുടരുകയാണ്. വിയ്യൂരിലെ ജില്ലാ ജയിലിൽ ഒരു ലൈബ്രറി ഉണ്ട്. അതിന് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമോ സഹായമോ ഇല്ല. ഇനി കിട്ടുന്ന പുസ്തകങ്ങൾ അവിടേക്ക് കൊടുക്കണം. എല്ലാ ചങ്ങാതിമാരുടേയും അകമഴിഞ്ഞ സഹായം അഭ്യർത്ഥിച്ചു കൊള്ളുന്നു..
Discussion about this post