കൊച്ചി: തന്നെ കേസിൽ നിന്ന് രക്ഷപ്പെടുത്താനായി പോലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽനിന്ന് ശരത്തിനെ ഒഴിവാക്കാനായി നടൻ ദിലീപ് ഇടപെട്ടെന്ന് വ്യവസായിയുടെ വെളിപ്പെടുത്തൽ. വിദേശജോലി കേസിൽപ്പെട്ട ഖത്തർ വ്യവസായിയും സിനിമാനിർമ്മാതാവുമായ സലീം അബ്ദുൾ റഹ്മാനാണ് ശരത്തിനായി ദിലീപ് തന്നെ കാണാനെത്തിയിരുന്നതായി വെളിപ്പെടുത്തിയത്.
തനിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിവസം വൈകിട്ട് ദിലീപ് നേരിട്ടെത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വന്തം നാട്ടുകാരനല്ലേ എന്നെല്ലാം പറഞ്ഞായിരുന്നു പ്രലോഭനം. താൻ വഴങ്ങിയില്ലെന്നും അടുത്തദിവസം സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നെന്നും സലീം പറഞ്ഞു.
”കേസിൽ ജാമ്യംനേടി പുറത്തിറങ്ങിയ ദിവസം രാത്രിയാണ് ദിലീപ് വീട്ടിലെത്തിയത്. ശരത്തിനെ പരാതിയിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു ആവശ്യം. തന്റെ വീടിന്റെ അടുത്തുതന്നെയാണ് ശരത്തിന്റെയും വീട്. ഇതെല്ലാം പറഞ്ഞിരുന്നു. ജീവിതത്തിൽ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നത്. അത് ഒരു പരാതിയുടെ പുറത്താണ്. ശരത്തിൽ നിന്നുണ്ടായ അനുഭവവും മനസിനെ വിഷമിപ്പിച്ചിരുന്നു. പിന്മാറില്ലെന്ന് അപ്പോഴേ ദിലീപിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ദിലീപുമായി പിണങ്ങേണ്ടിവന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ദിലീപിന്റെ കാര്യം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത്.” സലീം പറഞ്ഞു.
ഖത്തറിൽ 31 വർഷമായി ബിസിനസ് ചെയ്യുന്നയാളാണ് സലീം. ഭാര്യയ്ക്കും അവിടെ ഒരു സ്ഥാപനമുണ്ട്. അവിടേയ്ക്ക് 2018 ഏപ്രിലിൽ സലീമിന്റെ മാനേജർ ആലുവ സ്വദേശിയായ യുവതിയെ റിക്രൂട്ട് ചെയ്തു. 25,000 രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തത്. ശമ്പളവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ യുവതി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. എന്നാൽ ഇക്കാര്യമൊന്നും സലീം അറിഞ്ഞിരുന്നില്ല.
പിന്നീട് സിനിമയുടെ പൂജയ്ക്കായി ആലുവയിൽ എത്തിയപ്പോഴാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ സലീമിനെ ആലുവ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർചെയ്ത് കസ്റ്റഡിയിലെടുത്തത്. അന്നുരാത്രി സ്റ്റേഷനിലെത്തിയ ശരത് കേസിൽ നിന്ന് പുറത്തിറക്കാൻ പണം ആവശ്യപ്പെട്ടു. ഈ സംസാരത്തിനിടെയാണ് അഞ്ചുകോടി മുടക്കിയിരുന്നേൽ ദിലീപ് അകത്താകില്ലായിരുന്നുവെന്നും ശരത്ത് പരാമർശം നടത്തിയതെന്ന് സലീം പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവായ വിഐപിയെ കുറിച്ച് മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈമാറിയത് ഈ വിഐപി ആണെന്നായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. ഈ വിഐപി ശരത്ത് ആണെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.
Discussion about this post