കടുത്തുരുത്തി: വീട്ടിലേയ്ക്കുള്ള വഴിയറിയാതെ റോഡരികിൽ വിഷമിച്ചു നിന്ന 80കാരിയായ ലക്ഷ്മിയമ്മയ്ക്ക് വഴികാട്ടിയായി കുട്ടികൾ. നോഹൽ ജോർജ്, (16), അൽഫോൻസ് ജേക്കബ് സജി (12), ആഷിൻ തോമസ് (12), നിവേദ് ജി.വിനോദ് (10) എന്നിവരാുടെ ഇടപെടൽ മൂലമാണ് മാഞ്ഞൂർ ഇരവിമംഗലത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ ലക്ഷ്മിയമ്മയെ പാലകരയിൽ നിന്നു വീട്ടിലെത്തിച്ചത്.
ഓർമക്കുറവുള്ള ലക്ഷ്മിയമ്മ ഇരവിമംഗലത്തു നിന്നു വഴി തെറ്റി പാലകര ജംഗ്ഷനിൽ എത്തി. സമീപത്തെ പുരയിടത്തിൽ നിന്നു കളി കഴിഞ്ഞു വരികയായിരുന്ന കുട്ടികൾ ലക്ഷ്മിയമ്മയെ കണ്ടു. വീട്ടിലേക്കുള്ള വഴി ഏതാണു മക്കളേയെന്ന് ലക്ഷ്മിയമ്മ കുട്ടികളോടു ചോദിച്ചു. നടക്കാൻ കഴിയില്ലെന്നും കിടക്കണമെന്നും പറഞ്ഞു. ഇതോടെ കുട്ടികൾ സമീപത്തെ വീട്ടിൽ പോയി ഫോൺ വാങ്ങി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു.
സമീപമുള്ള അൽഫോൻസിന്റെ വീട്ടിലും എത്തി വിവരം പറഞ്ഞു. സ്ഥലത്ത് എത്തിയ അൽഫോൻസിന്റെ പിതാവ് ഞീഴൂർ സെന്റ് ജോസഫ് എൽപി സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായ സജി വിവരം പഞ്ചായത്തംഗം ഷീജ സജിയെ അറിയിച്ചു. പഞ്ചായത്തംഗവും പൊലീസും ചേർന്ന് ലക്ഷ്മിയമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാഞ്ഞൂർ പഞ്ചായത്ത് അംഗം പ്രത്യുക്ഷ സുരയെ വിളിച്ചു വിവരം നൽകി.
ഈ സമയം, ലക്ഷ്മിയമ്മയെ കാണാതെ തിരച്ചിലിലായിരുന്നു അയൽവാസികൾ. ലക്ഷ്മിയമ്മ തനിച്ചാണു താമസം. മകൾ കുടുംബവുമൊത്തു ചങ്ങനാശരിയിലാണ്. മകളുടെ വീട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. ലക്ഷ്മിയമ്മ സുരക്ഷിതയായി വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് ഈ കുട്ടിപ്പട്ടാളവും.
Discussion about this post