ഒരു പ്രശ്നവും ഇല്ല! പ്രശസ്തയായ കലാകാരിയെ ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴയ്ക്കരുത്: ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു; ‘മേപ്പടിയാന്‍’ വിവാദത്തില്‍ മഞ്ജുവിന് പിന്തുണയുമായി ഉണ്ണി മുകുന്ദന്‍

അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ സിനിമയ്ക്ക് ആശംസ അറിയിച്ച് നടി മഞ്ജു വാര്യര്‍ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ആദ്യമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.

റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നീക്കം ചെയ്യുമെന്ന് മഞ്ജുവിന്റെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രശസ്തയായ ഒരു കലാകാരിയെ ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

സിനിമയുടെ രാഷ്ട്രീയം ചര്‍ച്ചയാവുകയും സിനിമക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തതോടെയാണ് മഞ്ജു പോസ്റ്റ് പിന്‍വലിച്ചത് എന്നാരോപിച്ച് മഞ്ജുവിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. ഈ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

മഞ്ജു തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത മേപ്പടിയാന്‍ സിനിമയുടെ പോസ്റ്റര്‍ നീക്കം ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മേപ്പടിയാന്‍ സിനിമയില്‍ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതുകൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മുന്‍കാലങ്ങളില്‍ അവരുടെ സോഷ്യല്‍ മീഡിയ പിന്തുടരുന്നവര്‍ക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകള്‍ കുറച്ചു ദിവസത്തിന് ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റാറുണ്ടെന്ന്.’ബ്രോഡാഡി’ അനൗണ്‍സ് ചെയ്തപ്പോള്‍ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി.

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഹലോ സുഹൃത്തുക്കളെ,

മേപ്പടിയാന്‍ എന്ന എന്റെ സിനിമയുടെ പ്രചരണാര്‍ത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാര്‍ദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല.

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version