കൊട്ടാരക്കര: അപ്രതീക്ഷിത വിയോഗത്തിലും സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി ഹൃദയത്തോട് ചേര്‍ത്ത് മഹാമാതൃക. മനോജ് കോക്കാട് എന്ന യുവാവിനാണ് ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത നന്മകള്‍ മരണശേഷം തേടിയെത്തിയിരിക്കുന്നത്.
കിളിമാനൂര്‍ വഴിയോരക്കട റസ്‌റ്റോറന്റിലെ വെയിറ്ററായിരുന്നു മനോജ്. ഈ മാസം 11ാം തീയതി ഭാര്യയുമായി ബൈക്കില്‍ പോകവേ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ്
മനോജ് മരണപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ജയ മനോജ് (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിന്റെ മരണത്തോടെ അനാഥമായ രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെയാണ് വഴിയോരക്കടയിലെ ജീവനക്കാരായ സുഹൃത്തുക്കള്‍ ചേര്‍ത്ത് പിടിച്ച് മാതൃകയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം അവര്‍ യോഗം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. വഴിയോരക്കടയിലെ 19 അംഗ വെയിറ്റര്‍മാര്‍ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേര്‍ത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിന്റെ കുടംബത്തിലേക്ക് നല്‍കുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
മനോജില്ലാതെ തന്നെ പതിവ് ശമ്പളം വീട്ടിലെത്തിക്കുകയെന്ന ഉദാത്ത മാതൃകയാണിവര്‍ സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളികളുടെ മീറ്റിങില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനായ സനു കുമ്മിളാണ് സമൂഹമാധ്യമം വഴി ഈ നന്മയുടെ വിവരം പുറംലോകത്തെ അറിയിച്ചത്.
മനോജ് കോക്കാട് !
മരിച്ചുപോകും മുൻപ് ഈ ഭൂമിയിൽ നിങ്ങൾ അടയാളപ്പെടുത്തിയത് കളങ്കമില്ലാത്ത സ്നേഹം കൊണ്ടാണ് ! വയ്യായ്മയിലും വല്ലായ്മയിലും നിറയെ ചിരിച്ചാണ് !
മനോജ് കോക്കാട്, കിളിമാനൂർ വഴിയോരക്കടയിലെ വെയിറ്ററായിരുന്നു. വഴിയോരക്കടയുടെ എഫ് ബി പേജിന് വേണ്ടി അവിടത്തെ അറുപത് സ്റ്റാഫുകളുടെയും പല വിധ ചിത്രങ്ങൾ പല കാലങ്ങളിലായി പകർത്തിയിട്ടുണ്ട്. അങ്ങനെ പകർത്തപെട്ട മുഖങ്ങളിലൊന്നായിരുന്നു കോക്കാട്. കഴിഞ്ഞ ദിവസം വരെയും ഓടി നടന്ന് വിളമ്പിയ ഊർജസ്വലനായ വിളമ്പുകാരൻ . ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ് . കോക്കാടിന്റെ മരണത്തോടെ അനാഥമായ രണ്ട് കുട്ടികളടങ്ങുന്ന കുടുംബം . കോക്കാടിനെ മരണത്തോടെ മറക്കാൻ സഹപ്രവർത്തകർ തയ്യാറായില്ല. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന തൊഴിലാളി മീറ്റിംഗിന് കഴിഞ്ഞ രാത്രി ഞാനും സാക്ഷിയായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുന്ന തുകയിലേക്ക് മാനേജ് മെന്റിന്റെ ഒരു വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി കുടംബത്തിന്
അക്കൗണ്ട് വഴി നൽകും . കോക്കാടില്ലാതെ തന്നെ പതിവ് ശമ്പളം വീട്ടിലെത്തിക്കുന്ന നന്മ. ആ അതിജീവനത്തിന്റെ മിനിട്ട്സ് Mahesh Maniraj എഴുതിക്കുന്ന നേരം ഞാനൊരു പടമെടുത്തു. അവരുടെ അനുവാദമില്ലാതെ തന്നെ ഇവിടെ പോസ്റ്റുന്നു . അവരിലൊതുങ്ങുന്നതെങ്കിലും ആ ചേർത്ത് നിർത്തൽ മനസ്സിൽ നന്മയുള്ളവർക്കേ സാധിക്കൂ എന്ന തിരച്ചറിവിൽ ! നാടറിയട്ടെ എന്ന ചിന്തയിൽ !
#വഴിയോരക്കട