കാസർകോട്: പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തവർ രോഗം പരത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതെന്ന് വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവ് വസ്തുതകൾ മനസിലാക്കാതെയാണ് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സമ്മേളനത്തിന് വേണ്ടി കൊവിഡ് മാനദണ്ഡങ്ങൾ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന പാർട്ടിയാണ് സിപിഎം. സമ്മേളനങ്ങളെല്ലാം ശാസ്ത്രീയമായാണ് നടത്തുന്നത്. കൊടിമര ജാത, പൊതുയോഗം തുടങ്ങി പൊതുയിടങ്ങളിൽ നടക്കുന്ന എല്ലാ പരിപാടികളും മാറ്റിയിട്ടുണ്ട്. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ആളുകൾക്ക് കോവിഡ് വരാൻ ഞങ്ങൾ ആഗ്രഹിക്കുമോ? ഞങ്ങളുടെ പാർട്ടിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ താൽപര്യം. സമ്മേളനത്തിൽ പങ്കെടുത്ത ആളുകൾക്ക് മാത്രമോണോ കോവിഡ് വരുന്നത്, അങ്ങനെയാണെങ്കിൽ മമ്മൂട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നും കോടിയേരി ചോദിച്ചു.
കേരളത്തിൽ ചൂടായതിനാൽ കോവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരൻ. അദ്ദേഹമാണിപ്പോൾ കോവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു.
നേരത്തെ, കോവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിന് പാർട്ടി സമ്മേളനങ്ങൾ നടത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു.