കൊച്ചി: വിദേശത്ത് നിന്നെത്തി വീടിനോടു ചേർന്ന് പൊടി മിൽ സ്ഥാപിക്കാനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത മിനിക്ക് സഹായം വാഗ്ദാനം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യു ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചതോടെ പേപ്പറുകൾ കീറിയെറിഞ്ഞ മിനി ജോസിക്കാണ് മന്ത്രി സഹായം ഉറപ്പുനൽകിയിരിക്കുന്നത്.
ഇതു സംബന്ധിച്ചു വാർത്ത പുറത്തു വന്നു മണിക്കൂറുകൾക്കുള്ളിൽ മന്ത്രി പി രാജീവ് വനിതാ സംരംഭക മിനി ജോസിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ രേഖകളെല്ലാം ശരിയാക്കി നൽകുന്നതിനു നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
‘വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും’ എന്നു മന്ത്രി ഉറപ്പു നൽകി. ഇനി കോർപ്പറേഷനിലും ഒരു സ്ഥാപനങ്ങളിലും കയറി ഇറങ്ങണ്ട, രേഖകൾ ശരിയാക്കുന്നതിനായി പണം മുടക്കേണ്ടതില്ല. കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎ ശ്രീജിത്തിനെയും പതിനേഴാം ഡിവിഷൻ കൗൺസിലർ സിഎൻ രഞ്ജിത്തിനെയും പ്ലാൻ വരയ്ക്കാനും മറ്റും കാര്യങ്ങൾക്കും ചുമതലപ്പെടുത്തിയിട്ടുണ്ട്’-മന്ത്രി മിനിയെ അറിയിച്ചു.
‘ഇന്നലെ രാത്രി ശ്രീജിത്തും രഞ്ജിത്തും പൊതു പ്രവർത്തകൻ ക്ലിന്റ് ബുബാവിനൊപ്പം വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് ശ്രീജിത്തിന്റെ ഫോണിലേയ്ക്കു വിളിച്ചു മന്ത്രി സംസാരിച്ചത്. ശരിക്കും അൽഭുതപ്പെട്ടുപോയി, നമ്മൾ പാവപ്പെട്ടവരോടു മന്ത്രി ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല’-മിനി ജോസി പ്രതികരിച്ചു.
13 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മിനി മാതാപിതാക്കൾക്കൊപ്പം താമസിക്കാനായി നാട്ടിലെത്തിയത്. സ്വയം തൊഴിലിനു ശ്രമിച്ച യുവതിയെ എന്നാൽ കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വട്ടം കറക്കുകയായിരുന്നു. പല ഓഫിസുകളിൽ ഒന്നര മാസം കയറി ഇറങ്ങിയിട്ടും രേഖകൾ കിട്ടിയില്ലെന്നു മാത്രമല്ല, വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ മനം നൊന്താണ് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു മുന്നിൽ വച്ച് രേഖകൾ വലിച്ചു കീറി മുഖത്തെറിഞ്ഞ് മിനി ഇറങ്ങിപ്പോന്നത്.
മിനി ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. സംഭവം അറിഞ്ഞ വിജിലൻസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടു. പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്.