തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി വേൾഡ് എക്കണോമിക്സ് ഫോറത്തിൽ സംസാരിക്കുന്നതിനിടെ പ്രസംഗം മുടങ്ങിയതിനെ പരിഹസിച്ച് മാധ്യമപ്രവർത്തകനും അധ്യാപകനുമായ ഡോ.അരുൺകുമാറിനെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി.
കേരള യൂണിവേഴ്സിറ്റി പ്രൊഫസറും, മുൻ 24 ന്യൂസ് അവതാരകനുമായ ഡോ . അരുൺ കുമാർ പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകിയെന്ന് പത്രക്കുറിപ്പിലൂടെയാണ് പാർട്ടിവൃത്തങ്ങൾ അറിയിച്ചത്.
യുജിസി സ്കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്നുമാണ് ബിജെപി വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ നൽകി പരാതിയിൽ പറയുന്നത്. നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റടിച്ചിട്ടും അരുൺ തരുത്താൻ തയ്യാറായില്ല. താൻ പോസ്റ്റ് ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിൻവലിക്കാൻ തയ്യാറാവാത്തത് കുറ്റകരമാണെന്നും ഗവർണ്ണറുടെ കീഴിൽ വരുന്ന കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അരുൺ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണം എന്നും ബിജെപി ആവശ്യപ്പെടുന്നു. രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണൻ കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം മുടങ്ങിയത് ടെലിപ്രോംപ്റ്ററിന്റെ തകരാർ കാരണമല്ലെന്നും ഡബ്ല്യൂഇഎഫ് ടീമും പ്രധാനമന്ത്രിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിന്റെ തകരാർ മൂലമാണെന്നും പിന്നീട് വിശദീകരണം വന്നിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത് ഉദ്യോഗൻ ചൂണ്ടിക്കാണിക്കുകയും പ്രസംഗം നിർത്തുകയുമായിരുന്നു. ഔദ്യോഗികമായി സ്വാഗത പ്രസംഗം കഴിഞ്ഞതോടെ മോഡി വീണ്ടും സംസാരിച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം മുടങ്ങിയത് ടെലിപ്രോംപ്റ്റർ തകരാർ കാരണമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ വ്യാപകമായി ട്രോളുകൾ വന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ മോഡിയെ വിമർശിച്ചിരുന്നു. ഇതിനിടെയാണ് അരുൺ കുമാറിന്റെ പോസ്റ്റും പുറത്തുവന്നത്.
ഡോ. അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിന്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലന്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ ( Disputed by BJP sources and accused WEF for technical glitch) പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി.ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തന്റെ വിഖ്യാതമായ ‘Tryst With Destiny’ പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!
Discussion about this post