കോട്ടയം: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒന്നരവയസുകാരനും മുത്തശ്ശിയും മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയിൽ ലിജോയുടെ മകൻ ഇവാൻ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യൻ (70) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് ഇവാൻ മരിച്ചത്. മോളി വൈകീട്ടും. കവണാറ്റിൻകരയ്ക്കും ചീപ്പുങ്കലിനുമിടയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. മണിമലയിൽനിന്ന് അർത്തുങ്കൽ പള്ളിയിൽ പോയി മടങ്ങവെയായിരുന്നു അപകടം നടന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശ്ശൂരിൽനിന്ന് ഇവാനെ ദത്തെടുത്തത്. കളിപ്പിച്ചും കൊഞ്ചിച്ചും കൊതിതീരാതെയാണ് ഇവാനെ കുടുംബത്തിന് വിട്ടുപിരിയേണ്ടി വന്നത്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.