കോവളം: ആരോരുമില്ലാത്ത പെൺകുട്ടിയെ സ്വന്തം മകളായി വളർത്തി, ഒടുവിൽ അവളുടെ കൊലപാതകത്തിൽ പ്രതികളെന്ന് ആരോപിക്കപ്പെടുക, നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തുക, ഒപ്പം പോലീസിന്റെ ക്രൂര പീഡനങ്ങളും. ഒടുവിൽ യഥാർഥ, പ്രതികൾ പിടിയിലാവുകയും തങ്ങൾ നിരപരാധികളാണെന്ന് വാർത്തയിലൂടെ അറിയേണ്ടി വരികയും ചെയ്യുക. ഇതാണ് തിരുവനന്തപുരം കോവളത്ത് ദുരനുഭവങ്ങൾ കൂട്ടായ ആനന്ദൻ ചെട്ടിയാരുടേയും ഗീതയുടേയും ജീവിതം.
വളർത്തു മകളായ പതിനാലുകാരിയുടെ കൊലപാതകത്തിൽ കുറ്റാരോപിതരായി ഒരു വർഷത്തോളം നരകത്തീയിൽ കിടന്ന് വെന്തുരുകിയ ഇവരിന്ന് കുറ്റാരോപണത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടില്ലെന്ന ആധി നെഞ്ചിൽ ആളിക്കത്തുകയാണ്.
ഇവരുടെ വളർത്തുമകൾ ഗീതു (14) കൊല്ലപ്പെടുന്നത് ഒരു വർഷം മുമ്പാണ്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ വളർത്തച്ഛനും വളർത്തമ്മയുമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് പോലീസ്.
ലോക്കപ്പിലെ ക്രൂര മർദ്ദനം സഹിക്കാനാവാതെ കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്നു ഈ അച്ഛനും അമ്മയ്ക്കും. ദിവസങ്ങൾ നീണ്ട മാനസിക-ശാരീരിക പീഡനം.’നിങ്ങൾ പറഞ്ഞില്ലെങ്കിൽ, നിങ്ങളുടെ അണ്ണനേയും മക്കളേയുമെല്ലാം അകത്താക്കുമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ആരെയും അകത്താക്കണ്ട സാറെ. എന്നെ അകത്താക്കിയാ മതി. ഞാൻ ഏറ്റെടുത്തോളം. എന്റെ പിള്ളയെ ഞാൻ തന്നെ കൊന്നു സാറെ..ഇങ്ങനെയാണ് ഞാൻ പറഞ്ഞത്’- ഗീത പറയുന്നു.
‘കാലിന്റെ വെള്ളയിലൊക്കെ അടിച്ചു. കുറേ ദിവസത്തേക്ക് നടക്കാൻ പോലും പറ്റിയില്ല. അവർ എന്തൊക്കെയോ പറയുന്നു. ഞാൻ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു’- ആനന്ദൻ ചെട്ടിയാർ പറയുന്നു.
മകളെ കൊലപ്പെടുത്തിയവർ എന്ന് പോലീസും മാധ്യമങ്ങളും ആവർത്തിച്ചതോടെ നാട്ടുകാരും ഇവരെ ഒറ്റപ്പെടുത്തി. ജോലിക്ക് പോലും ആരും വിളിക്കാൻ തയ്യാറായില്ല. മകളെ നഷ്ടപ്പെട്ട വേദനയ്ക്കൊപ്പം കൊലപാതകികളെന്ന വിളി മാനസീകമായും ശാരീരികമായും ഇരുവരെയും തളർത്തി. ഇതിനിടയിൽ ഗീത ക്യാൻസർ ബാധിതയായി.
ഒടുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോവളത്ത് അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മകനും പിടിയിലായതോടെയാണ് ഒരു വർഷം മുൻപ് നടന്ന പെൺകുട്ടിയുടെ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. ഇതോടെയാണ് ഗീതയും ആനന്ദൻ ചെട്ടിയാരുടേയും നിരപരാധിത്വം എല്ലാവർക്കും ബോധ്യമായത്.
തിരുവനന്തപുരം വിഴിഞ്ഞത് അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷഫീഖും ചേർന്നാണ് ഇവർ മുമ്പ് താമസിച്ചിരുന്ന ഒല്ലൂരിലെ പതിനാലുകാരിയെ കൊലപ്പെടുത്തിയതെന്നും പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി. മദ്യപിച്ചുള്ള തർക്കത്തിനിടെ റഫീഖയുടെ സുഹൃത്തായ അൽഅമീനോടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ കാര്യം റഫീഖ വിളിച്ചുപറഞ്ഞത്. ഇതുകേട്ട വീട്ടുടമസ്ഥന്റെ മകൻ പോലീസിനോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടർന്ന് ശാന്തകുമാരി എന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂവരേയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
അതേസമയം, ഒരു വർഷത്തിനിപ്പുറം യഥാർത്ഥ സത്യം പുറത്ത് വന്നെങ്കിലും ഇക്കാലമത്രെയും തങ്ങൾ അനുഭവിച്ചതിനൊക്കെ ആരു മറുപടി പറയും എന്നാണ് ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടേയും ചോദ്യം.
Discussion about this post