കൊച്ചി:ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലെ പോലീസ് കുറ്റപത്രത്തിന് എതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു. മൊഫിയ പർവീൺ ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച ആലുവ ഈസ്റ്റ് സിഐ സുധീറിന്റെ പേര് ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതാണ് കുടുംബത്തിന്റെ പരാതിക്ക് കാരണം.
മകളുടെ ആത്മഹത്യാ കുറിപ്പ് സിഐയ്ക്ക് എതിരായ തെളിവാണ്, പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുടുതൽ തെളിവ് ലഭിക്കുകയും ചെയ്യും. എന്നാൽ സിഐയെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായെന്നും മൊഫിയയുടെ പിതാന് ദിൽഷാദ് പ്രതികരിച്ചു. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കും. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും നടപടിയെന്നും പിതാവ് ചൂണ്ടിക്കാട്ടി.
കേസിൽ വഴിവിട്ട ഇടപെടൽ നടത്തിയ സിഐ സുധീറിനെ സംരക്ഷിക്കാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥത തലത്തിൽ സമ്മർദം ഉണ്ടായിട്ടുണ്ട്. സിഐയുടെ ഇടപെടലിന് സാക്ഷികളായുള്ളത് താനും മകളും പോലീസുകാരും മാത്രമാണ്. പിന്നെ എങ്ങനെയാണ് സാക്ഷികൾ ഉണ്ടാവുക. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ പോലും സിഐ സുധീർ മോശമായി പെരുമാറിയെന്നും ദിൽഷാദ് ആരോപിക്കുന്നു.
അന്വേഷണം നല്ല രീതിയിൽ ആയിരുന്നു നടന്നത്. പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സിഐ ഉൾപ്പെടെ മൂന്ന് പ്രതികൾ കൂടിയുണ്ട്. മോഫിയയുടെ ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ സംഭവത്തിൽ പ്രതികളാണ് എന്നും ദിൽഷാദ് ആരോപിച്ചു.
മൊഫിയ പർവിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചൊവ്വാഴ്ച ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി രാജീവാണ് കുറ്റപത്രം സമപ്പിച്ചത്. ഭർത്താവ് സുഹൈൽ, അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. കേസിൽ സുഹൈൽ ഒന്നാം പ്രതിയും സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്.
Discussion about this post