പുളിക്കീഴ്: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. വൈക്കത്തില്ലം വാഴപറമ്പ് കോളനിയിലെ 20 കാരനായ സജു കുര്യൻ ആണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു പോയത്. തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാവിലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സജു തട്ടികൊണ്ടുപോയതാണെന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുമായി വൈകീട്ടോടെ സ്റ്റേഷനിൽ നേരിട്ട് എത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വെച്ചു. പിന്നീട് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പീഡനം നടന്നതായി ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കാനുള്ള നടപടിക്രമങ്ങൾ നടത്തുന്നതിനിടെയാണ് രാത്രി 9.30-ഓടെ പ്രതി പോലീസിന്റെ കണ്ണു വെട്ടിച്ച് കടന്നു കളഞ്ഞത്.
മെലിഞ്ഞ ശരീരപ്രകൃതക്കാരനായ ഇയാളുടെ കൈയിലിട്ട വിലങ്ങുകൾ വള ഊരുംപോലെ അഴിച്ച ശേഷമാണ് സ്റ്റേഷനിൽ നിന്നും കടന്നുകളഞ്ഞത്. വിലങ്ങുകൾ ഊരുന്നത് നിരീക്ഷണ ക്യാമറയിലൂടെ കണ്ടെത്തുകയായിരുന്നു. പൊടിയാടി ഭാഗത്തേക്ക് ഓടിയ പ്രതിയെ നാട്ടുകാരുടെകൂടെ സഹായത്തോടെ പുളിക്കീഴ് പാലത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്നാണ് നാല് മണിക്കൂറിനകം പിടികൂടിയത്. തിരുവല്ല പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് സജുവിനെ മാറ്റി.