പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് സിനിമാലോകം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
നാഗചൈതന്യ-സമാന്ത വിവാഹമോചനത്തിന് ശേഷം ചര്‍ച്ചയായിരിക്കുകയാണ് ധനുഷ് -ഐശ്വര്യ വേര്‍പിരിയല്‍. വാര്‍ത്ത സ്ഥിരീകരിച്ച ഉടനെ തന്നെ ഐശ്വര്യ രജനികാന്ത് ട്വിറ്റര്‍ അക്കൗണ്ട് ഡിപി മാറ്റി. അച്ഛന്‍ രജനികാന്തിനും സഹോദരി സൗന്ദര്യക്കുമൊപ്പമുള്ള ഫോട്ടോയാണു പുതിയ ട്വിറ്റര്‍ ഡിപിയാക്കിയത്. ഐശ്വര്യയും സഹോദരി സൗന്ദര്യയും കുട്ടികളായിരുന്ന കാലത്തെ ഫോട്ടോയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പുതിയ പ്രൊഫൈല്‍ ചിത്രം ശ്രദ്ധിക്കൂവെന്നാണു ഫോട്ടോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്.
അതേസമയം, ഐശ്വര്യയുടെ സഹോദരിയായ സൗന്ദര്യയും പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗന്ദര്യ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണ നേരം കൊണ്ടാണ് വൈറലായത്.
അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ തന്നെയാണ് സൗന്ദര്യയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രജനീകാന്തിന്റെ ഇരുതോളിലായി നിന്ന് ചിരിച്ച് പോസ് ചെയ്യുന്ന സൗന്ദര്യയേയും ഐശ്വര്യയേയുമാണ് ചിത്രത്തില്‍ കാണുന്നത്. ന്യൂ പിക് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.
അച്ഛന്റെ പെണ്‍മക്കള്‍, വേദനാജനകമായ രാത്രിയാണ് കഴിഞ്ഞുപോയത്, നെഗറ്റിവിറ്റിയെ വിട്ടേക്കൂ, ഞങ്ങളെപ്പോഴും കൂടെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെയുള്ളത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണു സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരേ സമയം തീരുമാനം പ്രഖ്യാപിച്ചത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും തീരുമാനിച്ചതായി ഇരുവരും ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സുഹൃത്തും പങ്കാളിയും മാതാപിതാക്കളും അഭ്യുദയകാംക്ഷികളുമായി 18 വര്‍ഷം നീണ്ട ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.
വഴികള്‍ പിരിയുന്ന ഒരിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ വേണ്ട സ്വകാര്യത ഞങ്ങള്‍ക്കു നല്‍കൂവെന്നാണു കുറിപ്പിലുള്ളത്.
ധനുഷ് അഭിനയത്തിലും പാട്ടിലും തിളങ്ങിയപ്പോള്‍ സംവിധാനവും ആലാപനവുമായിരുന്നു ഐശ്വര്യ തിരഞ്ഞെടുത്തത്. രജനീകാന്തിന്റെ മകളായല്ല താന്‍ ഐശ്വര്യയെ കണ്ടതെന്നും അവളുടെ സിംപ്ലിസിറ്റിയാണ് തന്നെ ആകര്‍ഷിച്ചതെന്നുമായിരുന്നു മുന്‍പ് ധനുഷ് പറഞ്ഞത്.
കാതല്‍കൊണ്ടേന്‍ സിനിമയുടെ റിലീസ് ദിവസമായിരുന്നു ധനുഷ് ഐശ്വര്യയെ ആദ്യമായി കണ്ടത്. സിനിമയ്ക്ക് ശേഷമായി കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
2004 നവംബര്‍ നാലിനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മൂത്തമകളായ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ടുമക്കളുമുണ്ട്.
🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022