വർക്കല: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്.
തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് മരണപ്പെട്ടത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിലേയ്ക്ക് വഴിവെച്ചതെന്നും അന്വേഷിച്ചുവരികയാണ്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരത്തിലധികം കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 22,946 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സെക്രട്ടേറിയറ്റിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്.
വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി അടച്ച നിലയിലാണ്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
Discussion about this post