ചാത്തന്നൂർ: മാതാപിതാക്കൾ വാർദ്ധക്യത്തിലേയ്ക്ക് കടന്നാൽ ഭാരമായി തോന്നുന്ന മക്കൾ നമുക്കിടയിലുണ്ട്. ദേവാലയങ്ങളിൽ കൊണ്ടുപോയി തള്ളിയും വൃദ്ധസദനത്തിലേയ്ക്ക് ആക്കുന്നവരും കുറവല്ല. എന്നാൽ അമ്മയുടെ വിയോഗം താങ്ങാനാകാതെ മകൻ ജീവനൊടുക്കിയ വാർത്തയാണ് ഇന്ന് ചാത്തന്നൂർ നിവാസികളെ ഞെട്ടിച്ചിരിക്കുന്നത്.
അമ്മ മരിച്ച ദുഃഖത്തിൽ ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകനായ 27കാരൻ ശ്രീരാഗ് പാലത്തിൽ നിന്ന് ആറ്റിൽചാടിയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ ചാടുകയായിരുന്നു. ശ്രീരാഗിന്റെ മാതാവ് സുധർമണി (52) കഴിഞ്ഞ 12നാണ് മരണമടഞ്ഞത്.
ആന്ധ്രപ്രദേശിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന ശ്രീരാഗ്. അമ്മയുടെ മരണ വിവരം അറിഞ്ഞാണു നാട്ടിലേയ്ക്ക് എത്തിത്. വെള്ളിയാഴ്ച സുധർമണിയുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഇന്ന് സഞ്ചയന ദിവസം കൂടിയാണ്. അമ്മ സുധർമണിയുടെ സഞ്ചയദിവസത്തിൽ മകന്റെ ചേതനയറ്റ ശരീരം എത്തിയത് ബന്ധുക്കളെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
മാതാവിന്റെ മരണത്തെ തുടർന്നു ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കുമ്മല്ലൂർ പാലത്തിൽ എത്തി ആറ്റിലേക്കു ചാടുകയായിരുന്നു. കുറച്ച് അകലെ കക്ക വാരുന്ന ആൾ ശബ്ദം കേട്ട് നോക്കുമ്പോൾ യുവാവു വെള്ളത്തിനു മുകളിലേക്ക് പൊങ്ങിയ ശേഷം വീണ്ടും താഴുന്നത് കണ്ടു.
ഇടനെ, അഗ്‌നിരക്ഷാസേനയും ബന്ധുക്കളും എത്തി തെരച്ചിൽ നടത്തി. പരവൂർ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ സംഘം എത്തിയപ്പോഴേക്കും ആറ്റിൽ നിന്നു ശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി രാഖി.