പറവൂർ: കേരള ചരിത്രത്തിൽ ഇടം നേടിയ പറവൂരിലെ നൂറ്റാണ്ട് പഴക്കമുള്ള മുത്തച്ഛൻ ആലായ നമ്പൂരിയച്ചൻ ആൽ നിലംപൊത്തിയപ്പോൾ അതിനടിയിൽ അകപ്പെട്ടിട്ടും പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടയാൾ വീട്ടിലെ മരം വീണ് മരിച്ചു.
അത്ഭുതരക്ഷയ്ക്ക് ശേഷം ഒമ്പതുമാസം പിന്നിടുമ്പോഴാണ് വീട്ടിലെ കമുക് മരം വെട്ടുന്നതിനിടെ പറവൂർ ചെറിയപല്ലംതുരുത്ത് ഈരേപ്പാടത്ത് രാജൻ (60) മരം ദേഹത്തുവീണ് മരിച്ചത്.
ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ മരം വെട്ടുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. മരം വെട്ടിയ ശേഷം മരത്തിൽ കെട്ടിയ വടം വലിക്കുമ്പോൾ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാൽനൂറ്റാണ്ടായി ലോട്ടറി വിൽപ്പന നടത്തുന്ന രാജൻ ഏറെ വർഷങ്ങളായി രാവിലെ മുതൽ വൈകീട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലിരുന്നാണ് കച്ചവടം നടത്തിയിരുന്നത്. ആൽ പരിസരം ശുചീകരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു.
പിന്നീട് ഈ വടവൃക്ഷം കാലപ്പഴക്കത്താൽ ദ്രവിച്ച് നിലംപൊത്തുമ്പോൾ അതിനടിയിൽ ഉണ്ടായിരുന്ന രാജൻ ഒരു പോറൽപോലും ഏൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് അന്ന് വാർത്തയായിരുന്നു. മറിഞ്ഞ ആലിന്റെ ഭാഗങ്ങൾ ആൽത്തറയിൽ തങ്ങിനിന്നതാണ് രക്ഷയായത്. ഭാര്യ: സുജാത. മക്കൾ: രാജി, രാഖി. മരുമക്കൾ: ദീപു, മനീഷ്.