കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മാധ്യമങ്ങളെ വിലക്കണമെന്നാവശ്യവുമായി നടൻ ദിലീപ്. കേസിന്റെ വിവരങ്ങൾ വിചാരണ പൂർത്തിയാകുംവരെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ടാണ് താരം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. മാധ്യമവിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17-ന് അന്വേഷണ ഉദ്യോഗസ്ഥനോടു നിർദേശിച്ചിരുന്നു.
വിചാരണനടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതുതടഞ്ഞ് 2020 മാർച്ച് 19-ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് നടൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥനെ ഡിസംബർ 29-ന് വിസ്തരിക്കാൻ നിശ്ചയിച്ചിരിക്കെയാണ് 25-ന് പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർജാമ്യംതേടി നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Discussion about this post