കോഴിക്കോട്: സിനിമ മേഖലയിൽ സ്ത്രീകളുടെ നേരെയുണ്ടാകുന്ന പീഡനങ്ങളും വിവേചനങ്ങളും സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പരസ്യമാക്കില്ലെന്ന് വനിതാ കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് വനിത കമ്മീഷൻ അധ്യക്ഷയും സിപിഎം നേതാവുമായ പി സതിദേവി പ്രതികരിച്ചു. കമ്മീഷൻ റിപ്പോർട്ടിൽ ഉന്നതരുടെ വിവരങ്ങൾ അടക്കമുള്ളതിനാലാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ മടിക്കുന്നത് എന്ന ആരോപണം നിലനിൽക്കെയാണ് കമ്മീഷൻ അധ്യക്ഷയുടെ മറുപടി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതി തേടിയും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് തന്നെ കാണാൻ എത്തിയ വിമൺ ഇൻ സിനിമാ കലക്ടീവ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പി സതിദേവിയുടെ പ്രസ്താവന. ഹേമ കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. 2017 മുതൽ 2020 വരെയുള്ള ഹേമ കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷൻ 2019 ൽ സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു.
‘സിനിമാമേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിർമാണ കമ്പനികൾ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഞാൻ സിനിമാ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷൻ. അതുകൊണ്ടു തന്നെ ആ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കേണ്ട സാഹചര്യം സർക്കാരിനില്ലഎന്നാണ് മന്ത്രി പറഞ്ഞത്. തീർച്ചയായും സിനിമാമേഖലയിൽ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണെന്നും സതീദേവി പ്രതികരിച്ചു.
‘ഇതുസംബന്ധിച്ച് നിയമനിർമ്മാണം വേണം. ഇന്റേണൽ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിർമാണ കമ്പനികളും നിർബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകൾക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ സർക്കാരിന് സമർപ്പിക്കും. സർക്കാർ അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ -അവർ പറഞ്ഞു.