കൊച്ചി: പ്രണയഭംഗം സംഭവിച്ചാൽ ഒരു മനുഷ്യൻ എന്തുചെയ്യും എന്ന ചോദ്യത്തിന് ഈ യുവാവിന് ഒറ്റ ഉത്തരമേയുള്ളൂ പ്രണയിനിയെ മറക്കും വരെ നടക്കുക! ബ്രേക്ക് അപ്പ് ആയി 777 ദിവസം പിന്നിട്ടിട്ടും അവളെ മറക്കാനാകാതെ വന്നതോടെയാണ് കാക്കനാട് മുതൽ കാസർകോട് വരെ 777 കിലോമീറ്റർ ദൂരം നടക്കാൻ ഈ കാമുകൻ തീരുമാനിച്ചത്.
തേപ്പ്കഥ, ലവ് അറ്റ് 777 കിലോമീറ്റർ, ജോക്കർ സേയ്‌സ് സ്‌മൈൽ തുടങ്ങിയവ ഒക്കെ കുറിച്ച ഒരു ബോർഡും തൂക്കിയാണ് കക്ഷിയുടെ നടപ്പ്. ജിഎൻപിസി ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിലാണ് വിചിത്രമായി പ്രവർത്തിക്കുന്ന ഈ യുവാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഈ വ്യക്തി തന്നെയാണ് മുമ്പ് വാലന്റൈൻസ് ഡേയിൽ പ്രണയം ആരംഭിച്ച ദിവസങ്ങൾ എണ്ണി പുഴയോരത്ത് അത്രയും ബലൂണുകൾ കെട്ടിത്തൂക്കിയ വൈറലായതെന്നും ചില കമന്റുകൾ സൂചിപ്പിക്കുന്നു.
അതേസമയം, യുവാവിന്റെ പ്രവർത്തിക്ക് നേരെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. പ്രണയഭംഗത്തെ തേപ്പ് എന്ന് വിളിക്കുന്നതിനെ വിമർശിക്കുന്നതിനൊപ്പം പലരും യുവാവിന്റേത് ‘ഷോ ഓഫ്’ മാത്രമാണെന്നും കുറ്റപ്പെടുത്തുന്നു. യുവാവിന്റെ പ്രണയത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ യാത്രയെന്നാണ് ചിലരുടെ പ്രതികരണം.
രാഹുൽ സച്ചൂസ് പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.
ഒരു തേപ്പ് കഥ…
യാത്രിചികം ആയാണ് ഇന്ന് തൃശൂർ നിന്ന് വരുന്ന വഴിക്ക് അമല ഹോസ്പ്പിറ്റൽ പരിസരത്തു നിന്ന് ഒരാൾ എന്തോ ബോർഡ് വെച്ച് നടന്ന് പോകുന്നത് കണ്ടത്.. ആദ്യം അത് കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോയി ഞാൻ… ഏതാണ്ട് ഒരു 100 മീറ്റർ മുന്നോട്ട് പോയപ്പോൾ ഒരവശ്യത്തിന് വേണ്ടി കുറച്ചു നേരം വണ്ടി എനിക്ക് നിർത്തി ഇടേണ്ടി വന്നു… ആ സമയത്ത് ആ മനുഷ്യൻ എന്നെ കവർ ചെയ്തു മുന്നോട്ട് പോയി… തിരിച്ചു വണ്ടി എടുത്ത് വരും നേരം വീണ്ടും അദ്ദേഹത്തെ കാണാൻ ഇടയായി.. വണ്ടി നിർത്തി ഞാൻ അയാളോട് സംസാരിച്ചു എന്തിനാണ് നിങ്ങൾ നടന്ന് പോകുന്നത് എന്ന്… അദ്ദേഹത്തിന്റെ മറുപടി കേട്ട് ശരിക്കും ഞാൻ ഞെട്ടി പോയി…
അയാൾ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നും, ഇപ്പൊ അവൾ അയാളുടെ കൂടെ ഇല്ല ബ്രേക്ക് അപ്പ് ആയി എന്നും.. അതിൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞു, ശരിക്കും അവൾ എന്നെ തേച്ചു പോയിട്ട് 777 ദിവസം ആയി എന്ന് അത് എനിക്ക് വല്ലാത്ത ഒരു വിഷമം മനസിന് ഉണ്ടാക്കി എന്നും, അതിന്റെ പ്രതീകം ആയാണ് ഞാൻ ഈ ബോർഡും വെച്ച് നടക്കുന്നത് എന്ന്… അവൾ തേച്ചിട്ട് 777 ദിവസം ആയത് കൊണ്ട് അത്രയും കിലോമീറ്റർ ഞാൻ കേരളത്തിൽ നടക്കുക ആണെന്ന് .. കാക്കനാട് മുതൽ കാസർഗോഡ് വരെ അങ്ങോട്ടും അതെ കിലോമീറ്റർ ഇങ്ങോട്ടും നടക്കുന്നു എന്ന്…
സത്യത്തിൽ ഇത് കേൾക്കുമ്പോൾ ഞാൻ അടക്കം ഉള്ളവർക്ക് ചിരി വരും.. ഇവന് പ്രാന്ത് ആണെന്ന് കരുതും.. ശരിക്കും ഒന്ന് ആലോചിച്ചു നോക്കിയാൽ അവൻ ആ കുട്ടിയെ എത്രത്തോളം സ്നേഹിച്ചിരിക്കാം… ഒരു പ്രദർശനത്തിനു ആയല്ല അവൻ നടക്കുന്നത് .. അയാൾക്ക് അവളോടുള്ള സ്നേഹത്തിന്റെ ആഴം ആയിരിക്കും അത്.. നിങ്ങൾക്ക് ആ മനുഷ്യനെ വഴിയിൽ കാണാൻ സാധിക്കും… കണ്ടാൽ അയാളുടെ മുഖത്തു നോക്കി ഒരിക്കലും ചിരിക്കരുത്..
കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി അതുകൊണ്ട് ഒരു സെൽഫി എടുത്ത് പോസ്റ്റ് ഇട്ടു 😊
Discussion about this post