കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിഐപിയെ തിരിച്ചറിയാൻ പോലീസ് കാണിച്ച ചിത്രങ്ങളിൽ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ ഘട്ടത്തിൽ വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നിൽ മെഹബൂബിന്റേതുമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ഇതിനിടെ, വാർത്തകളിൽ പറയുന്ന വിഐപി താൻ അല്ലെന്ന് വ്യക്തിമാക്കി മെഹബൂബ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമർശം.
ബാലചന്ദ്രകുമാർ പറഞ്ഞത്: ”വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാൻ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതിൽ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാൻ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പോലീസിനോട് പറഞ്ഞാൽ മതി.”-ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, ദിലീപിന്റെ വീട്ടിൽ പോയ ദിവസം തനിക്ക് ഇപ്പോൾ ഓർമയില്ലെന്ന് മെഹബൂബ് പറഞ്ഞു. രേഖകൾ നോക്കി ആ ദിവസം കൃത്യമായി പറയാൻ സാധിക്കും. പോലീസിന് മുന്നിൽ സംശയം തോന്നുന്നവരുടെ ഫോട്ടോകൾ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാൻ തെറ്റുകാരൻ ആവണമെന്നുണ്ടോ? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു. തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.
”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.
Also Read-നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പി കോട്ടയം സ്വദേശിയെന്ന് സൂചന
ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.
Discussion about this post