കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട രാഷ്ട്രീയരംഗത്ത് പിടിപാടുള്ള വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു.
തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.
”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.
ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.
Also Read-പിന്നോക്ക വിഭാഗക്കാർ ബിജെപിയെ കൈയ്യൊഴിയുന്നു; എംഎൽഎമാരുടെ രാജിക്കിടെ ദളിത് കുടുംബത്തിലെത്തി യോഗിയുടെ ഭക്ഷണം കഴിക്കൽ; തന്ത്രവുമായി ബിജെപി
അതേസമയം, വിഐപിക്ക് കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ വിശ്വസ്തനുമാണെന്നാണ് ചില മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇക്കാര്യത്തിൽ അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണ സംഘം വിഐപിക്ക് അരികിലെത്തിയിട്ടുണ്ട്. ഇയാളുടെ ശബ്ദ സാമ്പിൾ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ഇന്ന് തന്നെ ശബ്ദസാമ്പിൾ ബാലചന്ദ്രകുമാറിന് കൈമാറിയേക്കും.