ശബരിമല: സന്നിധാനം വീണ്ടും ഭക്തജനങ്ങളാല്‍ നിറഞ്ഞു. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ സന്നിധാനത്തെത്തും. മൂന്നുദിവസം മുമ്പാണ് ആറന്മുളയില്‍ന്ന് തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലില്‍ തങ്ക അങ്കി ദര്‍ശനത്തിനു വെക്കും. ഒരു മണിക്കൂറിനു ശേഷം രണ്ടുമണിയോടെ പമ്പയില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുനഃരാരംഭിക്കും. മൂന്നുമണിയോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക.
ദീപാരാധനയ്ക്കു ശേഷം വൈകിട്ട് നാലുമണിയോടെയേ നട തുറക്കുകയുള്ളു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെത്തുന്നുണ്ട്.
അതേസമയം സീസണിലെ റെക്കോര്‍ഡ് തിരക്കാണ് ഇന്നലെ ഉണ്ടായത്. കനത്തസുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണിത്.